Movie News

ഉജ്വല പോരാട്ടത്തിന് ധ്യാനിന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ വരുന്നു; ടീസർ പുറത്ത് | Detective Ujwalan

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കോമഡിയും ആക്ഷനും സസ്‌പെൻസും ഒക്കെ ചേർത്ത ഒരു പക്കാ എന്റർടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു കൊലപാതകവും അതിൻ്റെ ചുരുളഴിക്കാൻ ഇറങ്ങുന്ന പൊലീസും ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന കഥാപാത്രത്തെയുമാണ് ടീസറിൽ കാണിക്കുന്നത്. ചിത്രം മേയിൽ റിലീസിനെത്തുമെന്നാണ് സൂചന. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ.

ധ്യാൻ ശ്രീനിവാസനൊപ്പം, സിജു വിൽ‌സൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ അനൗൺസ്മെന്റ് വീഡിയോ നിർമാതാക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. മിന്നൽ മുരളിയിലെ സ്ഥലപ്പേരായ കുറുക്കൻ മൂലയുടെ റഫറൻസ് ടൈറ്റിൽ ടീസറിൽ വന്നിരുന്നു.

ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

content highlight: Detective Ujwalan