tips

അലങ്കാരസസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അബദ്ധം പറ്റരുതേ; വേനൽക്കാലത്ത് വീടിനകത്ത്‌ വയ്ക്കേണ്ട ചെടികൾ ….| Plants to decorate your home

വീടിനകത്ത്‌ പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം ചെടികൾ സഹായിക്കും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീടുകളുടെ അകത്ത് ചെടി വളർത്തുന്ന രീതി ധാരാളമായി കണ്ടുവരുന്നു. അലങ്കാരത്തിനു വേണ്ടിയല്ല ചെടികൾ അകത്തു വളർത്തുന്നത്. ഇത് മൂലം ഉണ്ടാകുന്ന ഗുണങ്ങളിലും ആളുകൾ ബോധവാന്മാരാണ്. വീടിനുള്ളിൽ ശുദ്ധ വായു ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. മാത്രമല്ല ഇത്തരം ചെടികൾ വീട്ടിൽ വളർത്തുന്നതോടെ വീടിനകത്ത് ഉണ്ടാകുന്ന പോസിറ്റീവ് എനർജിയുടെ കാര്യം പറയേണ്ടതുമില്ല.

എന്നാൽ വീടിനകത്ത് ഏതൊക്കെ ചെടികൾ പരിപാലിക്കാം എന്നും ചെയ്യരുതെന്നും കൃത്യമായ അറിവ് വേണം. അതുകൊണ്ട് തന്നെ അലങ്കാരസസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അബദ്ധം പറ്റാതെ സൂക്ഷിക്കണം. വീട്ടിനുള്ളില്‍ ധൈര്യമായി വയ്ക്കാവുന്ന ചില ചെടികളെ പരിചയപ്പെടാം.

മുള

ലക്കി ബാംബൂ ഇന്ന് മിക്കയിടത്തും കാണാം. ഫെങ്ങ്ഷ്യൂ വിശ്വാസപ്രകാരം വീട്ടിലേക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് ലക്കി ബാംബൂ. ഒരു ഗ്ലാസ് ബൗളിൽ, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ മുള വെയ്ക്കാം . വീടിന്റെ പ്രധാനവാതിലിനെ അഭിമുഖീകരിക്കുന്ന വിധത്തിലാകണം മുളയുടെ സ്ഥാനം. അതുപോലെ ബാംബൂ പാം അകത്തളത്തിലേക്ക് വളരെ യോജിച്ച ചെടിയാണ്. കാര്യമായ ശ്രദ്ധ ആവശ്യമില്ല. ഇടയ്ക്കിടെ വെള്ളമൊഴിച്ചുകൊടുക്കുകയും കേടായ ഇലകൾ വെട്ടിയൊതുക്കുകയും ചെയ്താൽ മതിയാകും.

സ്പൈഡർ പ്ലാന്റ്

എവിടെയും എങ്ങനെയും ഇവ വളരും. ചട്ടിയില്‍ തൂക്കാനായാലും നിലത്തു വയ്ക്കാനായാലും ഒക്കെ അനുയോജ്യം. ഏകദേശം ഇരുന്നൂറിലധികം തരത്തിലുണ്ട് ഇവ. ഇവയുടെ ഇലകള്‍ക്ക് വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും കഴിവുണ്ട്.

ചുരുക്കത്തിൽ വീടിനകത്ത്‌ പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം ചെടികൾ സഹായിക്കും. അപ്പോൾ ഇന്നുതന്നെ ഈ പ്രകൃതിദത്ത എസി ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ…

മണി പ്ലാന്റ്  

ഏറ്റവും കൂടുതലായി അകത്തളങ്ങളില്‍ വയ്ക്കുന്ന ചെടി എന്ന ബഹുമതി മണിപ്ലാന്റിനുണ്ട്. വള്ളിയായി പടര്‍ന്നു പിടിക്കുന്ന മണി പ്ലാന്റുകള്‍ ചട്ടിയിലോ, ഒരു കുപ്പിയില്‍ വെള്ളം നിറച്ചോ സൂക്ഷിക്കാവുന്നതാണ്. ഇടക്കിടെ അറ്റം മുറിച്ചു വൃത്തിയാക്കണം എന്നുമാത്രം. മണി പ്ലാന്റ് വീട്ടില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുമെന്നും വീട്ടിനുള്ളിലേക്ക് ധനം ആകർഷിക്കുമെന്നും വിശ്വാസമുണ്ട്‌.

കറ്റാര്‍വാഴ

ഔഷധസസ്യം കൂടിയായ കറ്റാര്‍വാഴ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന സസ്യമാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാർവാഴ വയ്ക്കാവുന്നതാണ്. കറ്റാർവാഴ നടുമ്പോൾ ധാരാളം വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടക്കിടെ പുറത്തുവെച്ചു വെയില്‍ കൊളളിക്കാനും ശ്രദ്ധിക്കുക.

സാൻസവേരിയ

സ്നേക്ക് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്. ഇതിന്റെ നീളന്‍ ഇല കാരണം ‘മദർ ഇൻലോസ് ടങ്’ എന്നും വിളിക്കാറുണ്ട്. തീരെ കുറഞ്ഞ പരിചരണം മതി, എന്നാലോ വായു ശുദ്ധമാക്കാന്‍ ഏറെ സഹായകവുമാണ് ഈ അലങ്കാരസസ്യം. മൂന്നോ നാലോ ആഴ്ച കൂടുമ്പോള്‍ നനച്ചാല്‍ പോലും ഇതിന് പ്രശ്നമില്ല. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും. വളരെ കുറച്ചു മാത്രം വെയിൽ ലഭിക്കുന്ന ഇടങ്ങളിലും സാൻസവേരിയ നന്നായി വളരും.

 

Content Highlight: Plants to decorate your home