മഞ്ഞിന്‍ പുതപ്പണിഞ്ഞ് പച്ചപ്പുവിടാതെ നില്‍ക്കുന്ന ഹില്‍ സ്‌റ്റേഷനുകള്‍ എന്നും സഞ്ചാരികള്‍ക്കു പ്രിയമേറിയതാണ്. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാട്ടിലെ ഊട്ടിയെയും കൊടൈയെയും കര്‍ണാടകത്തിലെ കുടകിനെയും നമ്മുടെ മൂന്നാറിനെയുമെല്ലാം എന്നും പ്രണയിക്കുന്നത്. പശ്ചിമഘട്ടത്തില്‍ ഇങ്ങനെ ആരെയും മോഹിപ്പിക്കുന്ന ഒട്ടേറെ ഹില്‍ സ്‌റ്റേഷനുകളുണ്ട്. ഇതിലൊന്നാണ് കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ കുദ്രെമുഖ്. പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം.
പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കുദ്രെമുഖ് നാഷണല്‍ പാര്‍ക്ക്. 600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് ഈ ദേശീയോദ്യാനം. പുല്‍മേടുകളും നിത്യഹരിതവനങ്ങളുമാണ് പ്രധാനമായും ഇവിടെയുള്ളത്. എല്ലാവര്‍ഷവും 700 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിയ്ക്കുന്നത്. തുംഗ, ഭദ്ര, നേത്രാവതി എന്നീ നദികളുടെ ഉത്ഭവസ്ഥാനമാണ് ഇവിടം. കൂടാതെ ഒട്ടേറെ അരുവികളും തോടുകളുമെല്ലാമുണ്ടിവിടെ. കടുവ, പുലി, കാട്ടുനായ, കാട്ടുപോത്ത, കരടി, മാന്‍ തുടങ്ങി ഒട്ടേറെ ജന്തുവര്‍ഗങ്ങള്‍ ഈ കാടുകളിലുണ്ട്. ക്ഷേത്രങ്ങള്‍, അണക്കെട്ട്, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് സൗകര്യം തുടങ്ങിയ വിവിധ കാര്യങ്ങളാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്.
ലാഘ്യ അണക്കെട്ട്, രാധാകൃഷ്ണ ക്ഷേത്രം, ഗംഗമൂല ഹില്‍സ്, ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. കുദ്രെമുഖിലെ ട്രക്കിങ് മികച്ച അനുഭവമാണ് നല്‍കുക. ട്രക്കിങ് ലക്ഷ്യമാക്കി വരുന്നവര്‍ വനംവകുപ്പില്‍ നിന്നും സമ്മതം വാങ്ങണം. ലോബോസ് പ്ലേസില്‍ നിന്നാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുദ്രെമുഖ് മലയുടെ അടിവാരമാണിത്. ഈ സ്ഥലം മുമ്പ് സൈമണ്‍ ലോബോയെന്നയാളുടെ ഉടമസ്ഥതയിലായിരുന്നു. അങ്ങനെയാണ് ഈ പേര് വീണത്. കാടുകളും അരുവികളുമെല്ലാം കടന്നാണ് ട്രക്കിങ് ട്രെയിലുകള്‍ മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് മനോഹരമായ കാഴ്ചകളുള്ള സ്ഥലങ്ങളുമുണ്ട്. വെറുതേ ഒഴിവുദിനങ്ങള്‍ ചെലവിടാനും സാഹസിത നിറഞ്ഞ അനുഭവങ്ങള്‍ക്കും നല്ല സ്ഥലമാണ് കുദ്രെമുഖ്. പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
STORY HIGHLIGHTS : The wonder of Kudremukh, a mountain range that enchants everyone