Travel

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ; ദൈവങ്ങളുടെ താഴ് വരയായ കുള്ളു | Kullu, the Valley of the Gods, a favorite destination for tourists

ഇതിഹാസ - പുരാണ കഥകളില്‍ കുള്ളുവിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ളതായി കരുതപ്പെടുന്നു

കുളളു – മണാലി എന്ന പേരുകള്‍ കേള്‍ക്കാത്ത സഞ്ചാരികളുണ്ടാവില്ല ഇന്ത്യയില്‍. അത്രയ്ക്കും പ്രശസ്തമാണ് ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നായ കുള്ളു. ഹിമാചല്‍പ്രദേശിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ദൈവങ്ങളുടെ താഴ് വര എന്ന പേരില്‍ അറിയപ്പെടുന്ന കുള്ളു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള നിരവധി ഹിന്ദു ദൈവങ്ങളുടെ വാസസ്ഥലമാണ് കുള്ളു എന്നാണ് വിശ്വാസം. ഈ വിശ്വാസം തന്നെയാണ് ദൈവങ്ങളുടെ താഴ് വര എന്ന ഇരട്ടപ്പേര് ഈ നഗരത്തിന് നല്‍കിക്കൊടുത്തതും. ബിയാസ് നദിക്കരയിലായി സമുദ്രനിരപ്പില്‍ നിന്നും 1230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുള്ളു, പ്രകൃതിസ്‌നേഹികളുടെ സ്വപ്‌നകേന്ദ്രമാണ്. മഹാഭാരതം, രാമായണം, വിഷ്ണുപുരാണം തുടങ്ങിയ ഇതിഹാസ – പുരാണ കഥകളില്‍ കുള്ളുവിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ളതായി കരുതപ്പെടുന്നു.

ത്രിപുരക്കാരനായ ബെഹംഗാമണിയാണ് ഈ പ്രദേശം കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. ഒന്നാം നൂറ്റാണ്ടുമുതലുള്ള ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയതിനുശേഷമാണ് കുള്ളുവിന്റെ പ്രശസ്തി ഇത്രയ്ക്കുയര്‍െതെന്നാണ് ചരിത്രം. കുത്തനെയുള്ള പര്‍വ്വതങ്ങളും കനത്ത കാടുകളും നദികളും മറ്റുമായി ലക്ഷണമൊത്ത വേനല്‍ക്കാല അവധിക്കാല കേന്ദ്രമാണ് കുള്ളു. പുരാതനമായ കോട്ടകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും ഡാമുകളും കുള്ളുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. രൂപി കൊട്ടാരം എന്ന പേരിലും അറിയപ്പെടുന്ന സുല്‍ത്താന്‍പൂര്‍ കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. 1905 ലെ ഭൂമികുലുക്കത്തില്‍ യഥാര്‍ത്ഥ കൊട്ടാരം തകര്‍ന്നുപോയെങ്കിലും പുനര്‍നിര്‍മിക്കപ്പെട്ട കൊട്ടാരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

രഘുനാഥ ക്ഷേത്രമാണ് കുളളുവിലെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണകേന്ദ്രം. ശ്രീരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പിരമിഡല്‍, പഹാരി ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പതിനേഴാം നൂ്റ്റാണ്ടില്‍ രാജാ ജഗത് സിംഹനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബിജിലി മഹാദേവ ക്ഷേത്രമാണ് കുള്ളുവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രം. ശിവനാണ് ബിയസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ ശ്രീകോവിലിലെ ശിവലിഗം ഒരിക്കല്‍ നെടുകേ പിളര്‍ന്നുപോയതായും പൂജാരിമാര്‍ വെണ്ണയുപയോഗിച്ച്് ഇരുഭാഗങ്ങളും ഒന്നിച്ചുചേര്‍ക്കുകയാണ് ഉണ്ടായതെന്നും ഒരു കഥയുണ്ട്. ജഗന്നതി ദേവി, ബാശേശ്വര്‍ മഹാദേവ ക്ഷേത്രങ്ങളാണ് കുള്ളുവിലെ പ്രധാനപ്പെട്ട രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. 1500 എഡിയിലാണ് ജഗന്നതി ദേവീ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.

ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാശേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ സാക്ഷാല്‍ പരമശിവനാണ്. മനോഹരമായ ശില്‍പ്പനിര്‍മിതികള്‍ ഈ ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും. കൈസ്ധര്‍, റൈസണ്‍, ദിയോ ടിബ്ബ എന്നിവയാണ് കുള്ളുവിലെ മറ്റ് പ്രധാനപ്പെട്ട ചില ടൂറിസം ആകര്‍ഷണകേന്ദ്രങ്ങള്‍. മനോഹരമായ ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കില്‍ നിരവധി അപൂര്‍വ്വയിനം മൃഗങ്ങളെ കാണാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. ഏകദേശം 180 ല്‍ അധികം ഇനം ജീവികളാണ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കില്‍ ഉള്ളത്. കുള്ളുവിലും മണാലിയിലും വൈദ്യുതിയെത്തിക്കുന്ന ബിയസ് നദിക്ക് കുറുകേ പണിതിരിക്കുന്ന പന്ധോത് അണക്കെട്ടും കുള്ളുവിലെ പ്രധാന കാഴ്ചകളില്‍പ്പെടുന്നു. ട്രക്കിംഗും മലകയറ്റവും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്കും പേരുകേട്ട ഇടമാണ് കുള്ളു. ലഡാക്ക് വാലി, സാന്‍സ്‌കര്‍ വാലി, ലഹോള്‍, സ്പിറ്റി തുടങ്ങിയവയാണ് കുള്ളുവിലെ പ്രധാനപ്പെട്ട ചില ട്രക്കിംഗ് കേന്ദ്രങ്ങള്‍. പാരാഗ്ലൈഡിംഗാണ് കുള്ളുവിലെ മറ്റൊരു ജനപ്രിയ വിനോദം. സോലാംഗ്, മഹാദേവ്, ബിര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത് ആസ്വദിക്കാന്‍ അവസരങ്ങളുണ്ട്.

STORY HIGHLIGHTS :  Kullu, the Valley of the Gods, a favorite destination for tourists