വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ മുളക് ബജ്ജിയായാലോ. അൽപ്പം എരിവുണ്ടെങ്കിലും തേങ്ങ ചമ്മന്തിയും കൂട്ടി ഒരു തവണയെങ്കിലും മുളക് ബജ്ജി കഴിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ബജ്ജിയ്ക്കു വേണ്ടി കൊതിക്കും എന്ന് ഉറപ്പാണ്. ചുരുങ്ങിയ സമയം കെണ്ട് മുളക് ബജ്ജി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
- ബജ്ജി മുളക് – 8 എണ്ണം
- കടലമാവ് – 250 ഗ്രാം
- അരിപ്പൊടി – 1 ടേബിൾ സ്‌പൂൺ
- മുളക് പൊടി – 1 ടീസ്‌പൂൺ
- മഞ്ഞൾ പൊടി – രണ്ട് നുള്ള്
- കായ പൊടി – കാൽ ടീസ്‌പൂൺ
- ബേക്കിങ് സോഡാ – കാൽ ടീസ്‌പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം മുളക് നന്നായി കഴുകി വൃത്തിയാക്കി രണ്ടായി മുറിക്കുക. ചില മുളകിന് എരിവ് കൂടുതലായിരിക്കും. അതിനാൽ മുളകിലെ കുരു കളയാൻ മറക്കരുത്. ഒരു പാത്രത്തിലേക്ക് കടലമാവ്, അരിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി, കായപ്പൊടി, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കൂടെ ചേർത്ത് മാവ് തയ്യാറാക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. നേരത്തെ തയ്യാറാക്കി വച്ച മാവിൽ മുളക് മുക്കി എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കുക. മീഡിയം ഫ്ലേമിൽ വറുത്തെടുക്കാൻ ശ്രദ്ധിക്കണം.
STORY HIGHLIGHT: mulaku bajji