പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരികയായിരുന്നു ഇരുവരും. വരുന്ന വഴി പ്രദേശത്തെ കടയിൽ നിന്ന് പാൽ ഉൾപ്പെടെയുള്ള സാധനങ്ങളും വാങ്ങി. വീട് എത്തുന്നതിന്റെ 50 മീറ്റർ മുൻപാണ് ദുരന്തം. സംഭവം നടന്നയുടൻ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാർ പറഞ്ഞു. പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അലൻ, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരി: ആൻമേരി. മുണ്ടൂർ പഞ്ചായത്തിൽ തിങ്കളാഴ്ച ഉച്ചവരെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.