നിലമ്പൂർ: മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന പരാതികളിൽ പൊലീസ് നിയമോപദേശം തേടി. വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ പരാതികളാണു ലഭിച്ചത്. പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുത്താൽ കോടതിയിൽ നിലനിൽക്കുമോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.
എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ 5നു നടത്തിയ ശ്രീനാരായണ കൺവൻഷനിൽ നടത്തിയ പ്രസംഗമാണു വിവാദമായത്. മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണു ചിലയാളുകൾ കാണുന്നതെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നുമായിരുന്നു പരാമർശം.