Kerala

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്; ശേഷം തുടർ നടപടി

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് കേസ്. പ്രസവത്തോടെ അസ്മയുടെ ആരോ​ഗ്യസ്ഥിതി മോശമായപ്പോൾ എന്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും മരണ വിവരം കൃത്യമായി വീട്ടുകാരെ അറിയിക്കാതിരുന്നതെന്നതെന്നാണ് വീട്ടുകാരുടെ ചോദ്യം.

രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി അസ്മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും.