തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചർച്ച നടക്കുന്നത്. ഫോണിലൂടെ വിളിച്ചാണ് സമര നേതാക്കൾ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയമെടുത്തത്. കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് അംഗീകരിച്ചത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി കെ സദാനന്ദൻ പറഞ്ഞിരുന്നു. തനിക്ക് ഇതുവരെയും സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 19 ആം ദിവസത്തിലാണ്.
ആരോഗ്യമന്ത്രി വീണാ ജോർജുമായി മൂന്നുതവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചർച്ച നടക്കുന്നത്. ട്രേഡ് യൂണിയനുകൾക്കെതിരെ ആശ സമരസമിതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് ആശ സമര സമിതി നേതാവ് മിനിയുടെ വിമർശനം. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വെച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ്. ബാക്കിയുള്ളവർ ആ ആവശ്യത്തെ ആവേശത്തോടെ പിന്തുണച്ചു. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. മുൻധാരണയോടെയാണ് ആർ ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്ന് ഇപ്പോൾ അവർ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി.