Kerala

എട്ടാം ക്ലാസ് പരീക്ഷാഫലം: പുനഃപരീക്ഷ കൂടുതൽ വേണ്ടത് ഹിന്ദിക്ക്

തിരുവനന്തപുരം: മിനിമംമാർക്ക്‌ അടിസ്ഥാനമാക്കി എട്ടാംക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ കൂടുതൽപേരും തോറ്റത്‌ ഹിന്ദിയിൽ. 3.87 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 42,810 പേർക്ക്‌ (12.69 ശതമാനം) ഹിന്ദിയിൽ ഇ ഗ്രേഡ് മാത്രമാണ്‌ ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്‌. ഇഗ്രേഡുകാർ ഏറ്റവും കുറവ്‌ ഇംഗ്ലീഷിനാണ്, 24,192 പേർ(7.6 ശതമാനം). എല്ലാ വിഷയത്തിനും ഇ ഗ്രേഡ്‌ നേടിയവർ 10 ശതമാനമാണ്‌. 3136 സ്‌കൂളുകളിലാണ്‌ എട്ടാം ക്ലാസ്‌ പരീക്ഷ നടന്നത്‌. 595 സ്‌കൂളിലെ പരീക്ഷാ ഫലം വരാനുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും 30% മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഇന്നു രക്ഷിതാക്കളെ അറിയിക്കും. ഈ കുട്ടികൾക്ക് നാളെ മുതൽ 24 വരെ പ്രത്യേക ക്ലാസുണ്ടാകും. രാവിലെ 9.30 മുതൽ 12.30 വരെയാണു സമയം. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളിൽ മാത്രം പങ്കെടുത്താൽ മതിയാകും. 25 മുതൽ 28 വരെ പുനഃപരീക്ഷ നടത്തും. 30നു ഫലം പ്രഖ്യാപിക്കും.