ഗർഭസ്ഥ ശിശുവിന്റെ അവകാശ സംരക്ഷണത്തിന് വനിതാ ഡോക്ടറുടെ നിയമപോരാട്ടം ലോകാരോഗ്യ ദിനത്തിൽ ശ്രദ്ധ നേടുന്നു. ഗർഭ പാത്രത്തിന് അകത്ത് ശരിയായ രീതിയിൽ വളരുവാനും പുറത്ത് വരുവാനും കുഞ്ഞിനുള്ള മൗലിക അവകാശത്തെ അപകടപ്പെടുത്തുന്ന നിലപാടുകൾക്ക് എതിരെയാണ് മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യ വകുപ്പിലെ വനിതാ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ നിയമ പോരാട്ടം.
വീട്ട് പ്രസവങ്ങൾ കുഞ്ഞിനും അമ്മയ്ക്കും ഇന്നത്തെ കാലത്ത് അപകടകരമാണ്. പ്രസവത്തോട് അനുബന്ധിച്ചുള്ള സങ്കീർണ്ണതകൾ പ്രവചിക്കുവാൻ കഴിയുന്നതല്ല. അതിനാൽ പ്രസവം ആശുപത്രിയിൽ തന്നെ ഉറപ്പാക്കണം. സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതെ ഇതിനായി സർക്കാർ ആശുപത്രികളെ സമീപിക്കുവാൻ കഴിയും. വീട്ട് പ്രസവങ്ങൾ നിയന്ത്രിക്കുവാൻ സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കണം. ഇത് സംബന്ധിച്ച് സർക്കാറിനെ പ്രതിഭ ആദ്യം സമീപിച്ചു. പിന്നാലെ ഹൈക്കോടതിയിൽ ഹർജിയും നൽകി. ഇതിൽ സർക്കാരിന്റെ നിലപാട് ഇപ്പോൾ ഹൈക്കോടതി തേടിയിരിക്കുകയാണ്.
നവജാത ശിശുക്കളുടെ അവകാശങ്ങളെ കുറിച്ചുള്ള ആശങ്കകളിൽ വേരൂന്നിയതാണ് ഡോ. കെ. പ്രതിഭയുടെ പോരാട്ടം. ജനന സമയത്തും ഗർഭ പാത്രത്തിൽ വളരുമ്പോഴും ശരിയായ വൈദ്യ പരിചരണം കുഞ്ഞിന്റെ അവകാശമാണ്. ആയത് സൗജന്യമായി സർക്കാർ ആശുപത്രികൾ ഉറപ്പ് നൽകുന്നുണ്ട്. ആരോഗ്യപരമായി പുറത്ത് വരുവാനുള്ള കുഞ്ഞിന്റെ അവകാശങ്ങൾ അപകടപ്പെടുത്തുന്ന വീട്ട് പ്രസവം മതിയെന്ന തീരുമാനമെടുക്കുവാൻ അമ്മയ്ക്ക് അവകാശമില്ലെന്നും ഇവിടെ കുഞ്ഞിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുവാൻ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനും ബാധ്യതയും ഉത്തരവാദിത്വവും ഉണ്ടെന്നാണ് പ്രതിഭ പറയുന്നത്.
പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടാകുവാൻ സാധ്യതയുള്ള സങ്കീർണ്ണതകളായ അമിത രക്തസ്രാവം, രക്താദിമർദം, അണുബാധ, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം തുടങ്ങിയവ ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ അപകടകരമാകും. ഈ അപകടങ്ങൾ നേരിട്ടാലും പ്രശ്നങ്ങൾ ഇല്ലെന്ന് വിചാരിച്ച് വീട്ട് പ്രസവങ്ങൾ ഭാഗ്യ പരീക്ഷണമാക്കുന്നവർ കുഞ്ഞിന് സംഭവിക്കുന്ന അപകടത്തിൽ നിന്നും പലപ്പോഴും നിയമപരമായി രക്ഷപ്പെട്ട് പോകുകയാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കുവാൻ കഴിയില്ല. സൗജന്യ വൈദ്യ സഹായം കേരളത്തിലെ സർക്കാർ ആശുപത്രികൾ ഉറപ്പ് നൽകുമ്പോൾ വീട്ട് പ്രസവങ്ങളിലൂടെ കുഞ്ഞുങ്ങളെ അപകടപ്പെടുത്തുന്നത് അംഗീകരിക്കുവാൻ കഴിയില്ലെന്ന് ഡോ. കെ. പ്രതിഭ പറയുന്നു.
റിമാൻഡ് പ്രതികളുടെ വൈദ്യ പരിശോധനയ്ക്ക് കൃത്യമായ മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കിയത് ഈ വനിതാ ഡോക്ടറുടെ ശ്രമഫലമായിട്ടായിരുന്നു. രോഗീ പരിചരണത്തിന്റെ ആവിശ്യത ഇന്ന് വർദ്ധിച്ച പ്രാധാന്യം അർഹിക്കുന്നു. അതിന് കൂടുതൽ ശ്രദ്ധ വ്യക്തി ജീവിതത്തിൽ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. രോഗികളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുകയാണ് ഡോക്ടറുടെ പ്രഥമ ഉത്തരവാദിത്വം. രോഗികളോട് അനുകമ്പയോടെ പെരുമാറി അവരുടെ ഭാഗമായി മാറുവാൻ കഴിയുമ്പോഴാണ് ഏറെ സന്തുഷ്ടത നൽകുന്നതെന്ന് ഡോ. കെ. പ്രതിഭ ലോകാരോഗ്യ ദിനത്തിൽ വിശദമാക്കുന്നു.