Business

ഓഹരി വിപണിയിൽ വൻ ഇടിവ്; രൂപയ്ക്ക് 30 പൈസയുടെ നഷ്ടം | Sensex

സെന്‍സെക്‌സും നിഫ്റ്റിയും അഞ്ചുശതമാനമാണ് ഇടിഞ്ഞത്

യുഎസിന്റെ പരിഷ്കാരങ്ങളിൽ ആ​ഗോളതലത്തിൽ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയിലും വൻ ഇടിവ്. സെൻസെക്സ് 3000 പോയിന്റ് ആണ് ഇടിഞ്ഞത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഇന്ന് ഏഷ്യന്‍ വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിന്റെ അലയൊലിയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. സെന്‍സെക്‌സും നിഫ്റ്റിയും അഞ്ചുശതമാനമാണ് ഇടിഞ്ഞത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവില്‍ 85.74 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം, റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം എന്നിവയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

ഡോളര്‍ ദുര്‍ബലമായതും അമേരിക്കയില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞയാഴ്ച രൂപയ്ക്ക് തുണയായത്. ബുധനാഴ്ചയാണ് റിസര്‍വ് ബാങ്ക് പണ വായ്പ നയം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മുഖ്യ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

content highlight: Sensex