Kerala

വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമസ്ത എപി വിഭാഗത്തിന്‍റെ മുഖപത്രം

പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടയ്ക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടാവാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു

മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് സമസ്ത എപി വിഭാ​ഗം. സമസ്ത എ പി വിഭാഗത്തിന്‍റെ മുഖപത്രമായ ‘സിറാജി’ൽ വന്ന മുഖപത്രമാണ് വെള്ളാപള്ളിക്കെതിരെ രം​ഗത്തെത്തിയത്. പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടയ്ക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടാവാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു.

മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും സമുദായ അംഗങ്ങൾ വായു ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പരാമർശം വിവാദമായെങ്കിലും പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നായിരുന്നു വെള്ളാപള്ളിയുടെ നിലപാട്