ഇന്‍ഫിനിക്‌സ് പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു. പുതിയ നോട്ട് 50എസ് ഫൈവ് ജി പ്ലസ് മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വ്യത്യസ്ത അനുഭവം പകരുമെന്നാണ് അവകാശവാദം.
പെര്‍ഫ്യൂം ടെക്‌നോളജി ഫോണില്‍ ഇന്റഗ്രേറ്റ് ചെയ്ത് കൊണ്ടുള്ള നവീന ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുമെന്നാണ് കമ്പനി പറയുന്നത്. ”ഫോണ്‍ എനര്‍ജൈസിങ് സെന്റ്-ടെക്” എന്ന് വിളിക്കുന്ന ഒരു ഫീച്ചറാണ് ഫോണില്‍ ക്രമീകരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ഫോണില്‍ നിന്ന് സുഗന്ധം പുറപ്പെടുവിക്കുന്ന തരത്തിലാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. മറ്റു ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഒരു മള്‍ട്ടി-സെന്‍സറി ഉപയോക്തൃ അനുഭവം ഇത് സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
120hz റിഫ്രഷ് റേറ്റുള്ള 6,67 ഇഞ്ച് എച്ച്ഡി പ്ലസ് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വരിക. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്ടിമേറ്റ്, 50MP പ്രധാന പിന്‍ കാമറ, 8MP മുന്‍ കാമറ, 8GB വരെ റാമും 256GB ഇന്റേണല്‍ സ്റ്റോറേജും അടക്കം നിരവധി ഫീച്ചറുകളുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുക. ഏപ്രില്‍ 18നാണ് ഫോണ്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുക.
ഫോണിന്റെ വീഗന്‍ ലെതര്‍ ബാക്ക് പാനലില്‍ ഒരുക്കിയിരിക്കുന്ന മൈക്രോ എന്‍ക്യാപ്‌സുലേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സുഗന്ധം വരുന്നത്. മാരി ഡ്രിഫ്റ്റ് ബ്ലൂ വേരിയന്റിലാണ് ഈ ഫീച്ചര്‍ പ്രധാനമായി ഉണ്ടാവുക. ഫോണ്‍ ഉപയോഗിക്കുന്ന സമയത്താണ് സുഗന്ധം വരിക. റൂബി റെഡ്, ടൈറ്റാനിയം ഗ്രേ എന്നി രണ്ട് കളര്‍ വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. എന്നാല്‍ ഇവയില്‍ സുഗന്ധ സാങ്കേതികവിദ്യ ഉപയോഗിക്കില്ല.
content highlight: Infinix NOTE 50s 5G+