നിയന്ത്രണങ്ങള്‍ ലംഘിച്ച് ഖത്തർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവർക്കെതിരെയാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ് അറസ്റ്റ് രേഖപ്പെടുത്തിയത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിസ്ഥിതിയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ലക്ഷമിടുന്നതാണ് ഖത്തറിലെ സമുദ്ര മത്സ്യബന്ധന നിയമങ്ങൾ. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. ഖത്തറിന്റെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും വിധമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. കടലിൽ നടത്തിയ നിരീക്ഷണത്തിലാണ് മത്സ്യബന്ധന ബോട്ട് ശ്രദ്ധയിൽപെട്ടത്. മത്സ്യത്തൊഴിലാളികളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.