തുളസി ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ആന്റിഓക്സിഡന്റുകൾ, എസൻഷ്യൽ ഓയിൽ, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയവ ധാരളമായടങ്ങിയ തുളസിക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്.
ആയുർവേദത്തിലെ പ്രധാന ഔഷധം കുടിയായ തുളസി, ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. തുളസിയില രാവിലെ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉദരത്തിലെ ആസിഡുകളുടെ ഉൽപ്പാദനം വർധിപ്പിച്ച് ദഹനം എളുപ്പമാക്കാൻ തുളസി സഹായിക്കും. തുളസി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മനസിനെ ശാന്തമാക്കാനും മനോനില (mood) മെച്ചപ്പെടുത്താനും വിശ്രാന്തിയേകാനും തുളസിയിലയ്ക്ക് കഴിവുണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും അകറ്റാൻ പതിവായി തുളസിയില കഴിച്ചാൽ മതി.
ആന്റി ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയ തുളസിയില, പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. പതിവായി തുളസിയില കഴിക്കുന്നത് ജലദോഷം,പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.
ശ്വസനസംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ തുളസിക്ക് കഴിവുണ്ട്. ശ്വാസനാളിയിലെ വീക്കം കുറയ്ക്കാനും കഫക്കെട്ട് ഇല്ലാതാക്കാനും ആസ്തമ, ബ്രോങ്കൈറ്റിസ്, ചുമ തുടങ്ങിയവയിൽനിന്ന് ആശ്വാസമേകാനും തുളസി സഹായിക്കും.
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ തുളസി, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
വായിലെ അണുബാധകൾ തടയാനും വായ്നാറ്റം കുറയ്ക്കാനും ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ള തുളസിയിലയ്ക്ക് കഴിയും. തുളസിയില ചവയ്ക്കുന്നതും വായിൽ തുളസിവെള്ളം കവിൾക്കൊള്ളുന്നതും മോണകളെയും പല്ലുകളെയും ആരോഗ്യമുള്ളതാക്കുകയും വായിലെ ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യും.
തുളസിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, സന്ധിവേദനയും വീക്കവും കുറയ്ക്കും. സന്ധിവാതം, ഗുരതരമായ സന്ധിവേദന എന്നിവയുള്ളവർക്ക് ഇത് ഏറെ ആശ്വാസം നൽകും.