കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പാൽ. ആരോഗ്യകരമായ കൊഴുപ്പുകൾ, ബി, ഡി പോലുള്ള വിറ്റാമിനുകൾ എന്നിവയും ഇതിലുണ്ട്. എന്നാൽ വെറും വയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെയന്നെന്ന് അറിയാം.
ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ കുടിക്കുന്നത് ദഹനത്തെ ബാധിക്കും. പാലും ചായയും ചേരുമ്പോൾ വയറിനു കനം തോന്നും. വയറു കമ്പിക്കൽ, വായു കോപം, അസ്വസ്ഥത ഇവയെല്ലാമുണ്ടാകും. കൂടാതെ ചായയിലെ അമ്ലത ഉദരപാളികളെ അസ്വസ്ഥമാക്കുകയും ക്രമേണ ഗ്യാസ്ട്രൈറ്റിസിനു കാരണമാകുകയും ചെയ്യും.
വെറും വയറ്റിൽ പാൽചായ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തും. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടാൻ കാരണമാകും.
വെറും വയറ്റിൽ പാൽചായ കുടിക്കുന്നത് നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സിനും കാരണമാകും. ദിവസം മുഴുവൻ ഇത് അസ്വസ്ഥതയുണ്ടാക്കും. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ പാൽചായ കുടിക്കുന്നത് കൂടുതൽ ദോഷം ചെയ്യും. പാൽ ഒഴിച്ച ചായ കുടിക്കും മുൻപ് ലഘുവായി എന്തെങ്കിലും കഴിക്കുന്നത് ഈ ലക്ഷണങ്ങളെ കുറയ്ക്കും.
പാലൊഴിച്ച ചായ നല്ല ഒരു പാനീയം ആണെങ്കിലും വെറും വയറ്റിൽ കുടിക്കുന്നത് ഇത്തരത്തിൽ ചില പാർശ്വഫലങ്ങളുണ്ടാക്കും. ഈ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ലളിതമായെങ്കിലും പ്രഭാതഭക്ഷണം കഴിച്ചശേഷം മാത്രം ചായ കുടിക്കാൻ ശ്രദ്ധിക്കാം.