മധ്യപ്രദേശിലെ സ്വകാര്യ മിഷനറി ആശുപത്രിയിൽ വ്യാജ കാർഡിയോളജിസ്റ്റിന്റെ ചികിത്സയെ തുടർന്ന് ഏഴ് പേർ മരിച്ചു. ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ലണ്ടനിൽ നിന്നുള്ള കാർഡിയോളജിസ്റ്റായ ഡോ. എൻ. ജോൺ കെം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആശുപത്രിയിൽ ചാർജെടുത്തത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അത്ഇ വ്യാജ പേരാണെന്നും യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് വെളിപ്പെട്ടു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാജ ഡോക്ടർ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇതിൽ ഏഴ് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സർക്കാരിന്റെ ആയുഷ്മാൻ ഭാരത് സ്കീമിൽ നിന്ന് ആശുപത്രി ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂങ്കോ പറഞ്ഞു. മിഷനറി ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾ നടത്തിയതായി ഞങ്ങൾക്ക് പരാതി ലഭിച്ചു.ആയുഷ്മാൻ ഭാരത് പദ്ധതിയുമായി മിഷനറി ആശുപത്രിയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനായി സർക്കാരിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നും വിവരംകിട്ടി. ഇത് ഗുരുതരമായ പരാതിയാണ്. ഞങ്ങൾ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്’- കനൂങ്കോ വിശദമാക്കി.