നട്‌സും ഡ്രൈ ഫ്രൂട്‌സുമൊക്കെ പോഷക സമ്പുഷ്ടവും ആരോഗ്യത്തിന് നല്ലതുമാണ്. എന്നാൽ എപ്പോള്‍, എങ്ങനെ, എത്ര അളവില്‍ കഴിക്കണമെന്ന് നോക്കാം.
നട്‌സില്‍ ഉപ്പും മധുരവും അടങ്ങിയിട്ടുണ്ടെങ്കില്‍ ഇവ ഗുണത്തേക്കാള്‍ ദോഷം ചെയ്യാനും മതി. ആല്‍മണ്ട്, വാല്‍നട്ട്, കശുവണ്ടി ഉള്‍പ്പെടെയുള്ള നട്‌സ് വിഭവങ്ങള്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് വേണം കഴിക്കാനെന്ന് ആയുര്‍വേദം പറയുന്നു.
എളുപ്പം ദഹിക്കാനും ശരിയായ തോതില്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനും ഇത്തരത്തില്‍ കുതിര്‍ത്ത് വയ്‌ക്കുന്നത് സഹായിക്കുമെന്ന് കരുതപ്പെടുന്നു. നട്‌സിലെ കാല്‍സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ആഗീരണത്തെ തടയുന്ന ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാനും ഈ ശീലം സഹായിക്കും.
വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡ്രൈ റോസ്‌റ്റ് ചെയ്‌തും ആല്‍മണ്ട് കഴിക്കാം. അതേ പോലെ ആല്‍മണ്ടില്‍ ഉയര്‍ന്ന തോതില്‍ ഫോസ്‌ഫറസും ഓക്‌സലേറ്റും ഉള്ളതിനാല്‍ വൃക്കരോഗമുള്ളവര്‍ ഇതിന്റെ തോത് നിയന്ത്രിക്കേണ്ടതാണ്.
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്ന നട്‌സ് വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ല തോതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമിതമായി ആല്‍മണ്ട്, പിസ്‌ത തുടങ്ങിയവ കഴിക്കരുതെന്നും ഡയറ്റീഷ്യന്മാര്‍ പറയുന്നു.
പരമാവധി 30 മുതല്‍ 50 ഗ്രാം വരെയൊക്കെ ന്‌ട്‌സും എണ്ണ വിത്തുകളും മാത്രമേ ഒരു ദിവസം കഴിക്കാവൂ. 15 ഗ്രാം വീതം ദിവസത്തില്‍ രണ്ട് തവണയായി കഴിക്കുന്നതും നന്നാകും. ഈന്തപഴം, ഫിഗ്, ബ്ലാക് കറന്റ് എന്നിവ പരമാവധി 15 മുതല്‍ 30 ഗ്രാം വരെയെ കഴിക്കാന്‍ പാടുള്ളൂ.
രാവിലെയോ ഉച്ചയ്‌ക്ക് മുന്‍പുള്ള സമയത്തോ ഒക്കെ നട്‌സ് കഴിക്കുന്നതാണ് നല്ലത്. പ്രധാന ഭക്ഷണങ്ങള്‍ക്ക് ഇടയിലുള്ള സ്‌നാക്‌സായി ഉപയോഗിക്കുന്നത് ഉത്തമം.