രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചായയോ കാപ്പിയോ കഴിക്കുന്നതാണ് മിക്കവരുടേയും ശീലം. എന്നാല്‍ വെറും വയറ്റില്‍ അല്‍പം ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?
വെറും വയറ്റിൽ ഇളംചൂട് നാരങ്ങാ വെള്ളം കുടിക്കുന്നതിന് ഗുണങ്ങളോടൊപ്പം പാർശ്വഫലങ്ങളും ഉണ്ട്. വെറുംവയറ്റിൽ ഇളംചൂട് നാരങ്ങാവെള്ളം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രധാന ദോഷങ്ങളിൽ ഒന്ന് പല്ലിന്റെ ഇനാമൽ കേടുവരും എന്നതാണ്. നാരങ്ങ അമ്ലഗുണം ഉള്ളതാണ്. ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ പല്ലിന്റെ സംരക്ഷണപാളിയായ ഇനാമലിനു ക്ഷതം സംഭവിക്കും. ദോഷം ഒഴിവാക്കാൻ നാരങ്ങാ വെള്ളം സ്ട്രോ ഉപയോഗിച്ചു കുടിക്കുകയോ കുടിച്ചശേഷം പച്ചവെള്ളം കൊണ്ട് വായ കഴുകുകയോ ചെയ്യണം.
വെറുംവയറ്റിൽ ചൂടു നാരങ്ങാവെള്ളം പതിവായി കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. നാരങ്ങയുടെ അമ്ലഗുണം, വയറിന്റെ പാളികളെ അസ്വസ്ഥപ്പെടുത്തുകയും ഓക്കാനം, വയറുകമ്പിക്കൽ, അടിവയറു വേദന ഇവയ്ക്ക് കാരണമാകുകയും ചെയ്യും. ഇങ്ങനെ അസ്വസ്ഥത വന്നാൽ നാരങ്ങാവെള്ളം കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാവും നല്ലത്.
നാരങ്ങാവെള്ളത്തില്‍ വെള്ളം ഉണ്ട്. എന്നാലും നാരങ്ങായുടെ ഡൈയൂററ്റിക് ഗുണങ്ങൾ നിർജലീകരണത്തിനു കാരണമാകും. നിർജലീകരണം ഒഴിവാക്കാൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ചിലർക്ക് നാരങ്ങയോടും നാരങ്ങാവെളളത്തിനോടും അലർജി ഉണ്ടാകും. ഇവർക്ക് ചൊറിച്ചിൽ, വീക്കം, ശ്വാസതടസ്സം ഇവയെല്ലാം ഉണ്ടാകാം. നാരങ്ങാവെള്ളം കുടിച്ചശേഷം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടണം.
നാരങ്ങാവെള്ളം ചില ആന്റിബയോട്ടിക്സുകളുമായും തൈറോയ്ഡ് മരുന്നുകളുമായും പ്രവർത്തിക്കും. എന്തെങ്കിലും മരുന്ന് കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പതിവായി നാരങ്ങാവെള്ളം കുടിച്ചു തുടങ്ങും മുൻപ് ഒരു ഡോക്ടറെ കാണുക.