ട്രംപിന്റെ 26 ശതമാനം തീരുവ ചുമത്തിയ നടപടി വ്യാപയുദ്ധത്തിലേക്കാണ് നയിക്കുന്നത്. ട്രംപിനെതിരെ പടപുറപ്പാടിനൊരുങ്ങുകയാണ് പല ഏഷ്യൻ രാജ്യങ്ങളും. താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുകയാണ്.എന്നാൽ പ്രതികാര നടപടി വേണ്ടെന്ന നിലപാടിലാണ് ഇന്ത്യൻ സർക്കാറെന്ന് സൂചിപ്പിക്കുന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടാഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ വകുപ്പ് ഇന്ത്യൻ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു