മലയാളികളുടെ മനസ്സില്‍ വലിയ മാറ്റത്തിന് വിത്ത് വിതച്ച ക്യാമ്പയിനാണ് മാലിന്യമുക്തം നവകേരളമെന്നും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മാലിന്യമുക്തം നവകേരളം ജില്ലാതല ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല മാലിന്യമുക്തപ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
24 വര്‍ഷം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ വളരെ പ്രയാസകരമായ സാഹചര്യങ്ങളാണ് നേരിടേണ്ടിവന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യകൂമ്പാരമായിരുന്നു. എന്നാല്‍ ഇന്ന് ഏവര്‍ക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് സംജാതമായിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാഹസികവും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് തിരുവനന്തപുരം ജില്ലയുടെ മാലിന്യമുക്ത പ്രഖ്യാപനത്തിലേക്ക് എത്തിച്ചത്.
പ്രഖ്യാപനം നടത്തിയതുകൊണ്ടുമാത്രം സമ്പൂര്‍ണ്ണമായി മാലിന്യമുക്തമായി എന്ന് അവകാശപ്പെടുന്നില്ല. മാലിന്യമുക്ത അന്തരീക്ഷം നിലനിര്‍ത്താന്‍ തുടര്‍പ്രവൃത്തികള്‍ ഉണ്ടാകണം. എത്രയൊക്കെ ക്യാമ്പയിന്‍ നടത്തിയാലും മാലിന്യം വലിച്ചെറിയുന്ന മനോഭാവത്തിന് മാറ്റമില്ല. 9 കോടി രൂപയാണ് ഈ ഇനത്തില്‍ പിഴയായി ചുമത്തേണ്ടി വന്നത്. മറ്റുള്ള രാജ്യങ്ങളില്‍ മാലിന്യമുക്തശീലങ്ങള്‍ കര്‍ശനമായി പാലിക്കുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അതെല്ലാം മറക്കുകയാണ്. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മാലിന്യപരിപാലന രംഗത്ത് ജില്ലയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌ക്കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. മികച്ച ഗ്രാമപഞ്ചായത്തായി ഒറ്റൂരിനെയും മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി മണമ്പൂരിനെയും തെരഞ്ഞെടുത്തു. ആറ്റിങ്ങലാണ് മികച്ച മുനിസിപ്പാലിറ്റി. മികച്ച രണ്ടാമത്തെ മുനിസിപ്പാലിറ്റിയായി വര്‍ക്കലയെ തെരഞ്ഞെടുത്തു. വര്‍ക്കലയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. കിളിമാനൂരാണ് രണ്ടാം സ്ഥാനത്ത്. മംഗലപുരം ഗ്രാമപഞ്ചായത്തിലെ സ്‌നേഹതീരം ബഡ്‌സ് സ്‌കൂളിനെ മികച്ച സ്ഥാപനമായും തെരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അനു കുമാരി ജില്ലാതല സ്റ്റാറ്റസ് അവതരണം നടത്തി. എഡിഎം ബീന പി ആനന്ദ്, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ ലാല്‍ജി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS;Waste-free campaign sowed the seeds for a big change in the minds of Malayalis: Minister G.R. Anil