മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു.
കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19 ലേക്ക് എത്തിയത് വലീയ പ്രയത്നംത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്നുള്ള അസ്മയുടെ മരണം. മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ അസ്മ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല.
കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.