Travel

ചെറുദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാം; കച്ചിലേക്ക് ഒരു യാത്ര! | A trip to Kutch to enjoy the beauty of the island

സിന്ധിലെ രജപുത്ര ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം

സംസ്കൃതത്തില്‍ കച്ചിന്‍റെ അര്‍ത്ഥം ദ്വീപ് എന്നാണ്. നല്ല മഴ ലഭിക്കുന്ന വര്‍ഷകാലങ്ങളില്‍ സിന്ധുനദിയിലെ വെള്ളം കച്ചിന്‍റെ മരുപ്രദേശങ്ങളില്‍ കടന്നുകയറും. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെടുന്ന ഈ പ്രവണതയെ മുന്‍നിറുത്തി പണ്ടുകാലങ്ങളില്‍ ഇതിനെ ദ്വീപ് എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. 1819 ലുണ്ടായ ഭൂമികുലുക്കം കച്ചിന്‍റെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റം വരുത്തി. ഈ മേഖലയെ ചതുപ്പും ഉപ്പുപാളികളുമുള്ള മരുഭൂവിന് വിട്ടുകൊടുത്തുകൊണ്ട് സിന്ധുനദി പടിഞ്ഞാറ് ഭാഗത്തേക്ക് പിന്‍വാങ്ങി.
കച്ചിലെ ചെറുദ്വീപായ ഖദിറില്‍ കണ്ടെത്തിയ ഹാരപ്പന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് ചരിത്രാതീത കാലം തൊട്ടേ കച്ചിന്‍റെ ആവിര്‍ഭാവത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സിന്ധിലെ രജപുത്ര ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം.

ജഡേജ രജപുത്ര രാജാവായ ഖെന്‍ഗര്‍ജി ഒന്നാമന്‍ ഭുജ് നഗരത്തെ ഇതിന്‍റെ തലസ്ഥാനമാക്കി ഭരണം നടത്തി. പിന്നീട് 1741 ല്‍ മുഗള്‍ യുഗത്തില്‍ പ്രസിദ്ധനായ ലാക്പതിജി ഒന്നാമന്‍ കച്ചിന് സാംസ്ക്കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്തു. കവികളെയും നര്‍ത്തകരെയും ഗായകരെയും ഒരുപാട് സ്നേഹിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ കാലത്താണ് ആയിന മഹള്‍ എന്ന മനോഹരമായ കണ്ണാടി മാളിക പണിതത്. 1815 ല്‍ തന്ത്രപ്രധാനമായ ഭുജിയോ ദുങ്കര്‍ കുന്ന് ബ്രിട്ടീഷുകാര്‍ അധീനമാക്കിയതോടെ കച്ച് ബ്രിട്ടീഷുകാരുടെ വരുതിയിലുള്ള ജില്ലയായി. പ്രാഗ് മഹല്‍ പാലസ്, രഞ്ജിത് വിലാസ് പാലസ്, മണ്ഡവിയിലെ വിജയ് വിലാസ് പാലസ് എന്നിവ ആംഗലേയ ഭരണകാലത്ത് ഇവിടെ നിര്‍മ്മിച്ചവയാണ്. വികസനോന്മുഖമായ ധാരാളം പദ്ധതികള്‍ ഇന്ത്യയില്‍ ലയിക്കും വരെ കച്ച് മേഖലയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കി.

കച്ചിലെ വരണ്ടുണങ്ങിയ റണ്‍ മരുഭൂമിയോട് ഇവിടത്തെ ആവാസവ്യവസ്ഥിതിയെ സംതുലനം ചെയ്യുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നതാണ് ഇവിടത്തെ ബന്നി പുല്‍മേടുകള്‍. തെക്കും പടിഞ്ഞാറും യഥാക്രമം കച്ച് ഉള്‍ക്കടലും അറബിക്കടലും അതിരിടുന്ന ഈ മേഖലയുടെ വടക്കും കിഴക്കുമായി റണ്‍ മരുഭൂമിയുടെ ചെറുതും വലുതുമായ സാന്നിദ്ധ്യമുണ്ട്. അടിസ്ഥാനപരമായി റണ്‍ മേഖല ഈര്‍പ്പമുള്ള ഭൂപ്രദേശമാണ്. വലിയ രണ്ട് തുറമുഖങ്ങള്‍ കച്ചിലുണ്ട്. കണ്ഡലയും മുന്ത്രയും. യൂറോപ്പിലേക്കും ഗള്‍ഫ് നാടുകളിലേക്കും കടല്‍മാര്‍ഗ്ഗം എത്തിപ്പെടാന്‍ അവയോട് ഏറ്റവും സമീപസ്ഥമായ തുറമുഖങ്ങളാണിവ.

ആളുകളുടെ പ്രധാന ഭാഷ കച്ചിയാണ്. ഗുജറാത്ത്, സിന്ധ്, ഹിന്ദി ഭാഷകളും പ്രചാരത്തിലുണ്ട്. കച്ചിഭാഷയുടെ ലിപി ഇന്ന് നിലവില്‍ ഇല്ലാത്തതിനാല്‍ ഗുജറാത്തി ലിപിയിലാണ് എഴുത്ത്കുത്തുകള്‍. മാര്‍വാഡികള്‍, സിന്ധികള്‍, പത്താനുകള്‍ എന്നിങ്ങനെ വിവിധ സമുദായത്തില്‍ പെട്ടവര്‍ കച്ച് നിവാസികളോട് ഇടപഴകി ജീവിക്കുന്നു. ഗുജറാത്തിലെത്തുന്നവര്‍ കച്ച് സന്ദര്‍ശിക്കാതിരിക്കരുത്. ഇവിടത്തെ അസാധാരണമായ സാംസ്ക്കാരിക വൈവിദ്ധ്യവും കച്ച് മരുഭൂമി പോലെ അനുപമമായ ഭൂപ്രതിഭാസവും കാണേണ്ടത് തന്നെയാണ്.

STORY HIGHLIGHTS : A trip to Kutch to enjoy the beauty of the island