ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ക്ലോക്ക് ടവര്‍ പ്രവര്‍ത്തനരഹിതമായി . ബിഹാര്‍ ഷെരീഫില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ക്ലോക്ക് ടവറാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസത്തിനുളളില്‍ പ്രവര്‍ത്തനരഹിതമായത്. 40 ലക്ഷം രൂപ ചെലവിലാണ് ഈ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രഗതി യാത്രയുടെ സമയത്ത് ക്ലോക്ക് ടവര്‍ തിടുക്കത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു എന്നാല്‍ അടുത്ത ദിവസം തന്നെ മോഷ്ടാക്കള്‍ ടവറില്‍ കയറി കോപ്പര്‍ വയറുകള്‍ മോഷ്ടിക്കുകയും ക്ലോക്ക് പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു.
എന്തായാലും ടവറിപ്പോള്‍ എയറിലാണ്. 24 മണിക്കൂറിനുളളില്‍ പ്രവര്‍ത്തനരഹിതമായതിനു മാത്രമല്ല, ടവറിന്റെ രൂപത്തിനെതിരെയും വിമര്‍ശമുയരുന്നുണ്ട്. പ്രത്യേകിച്ച് ഒരു വര്‍ക്കുമില്ലാത്ത പ്ലെയിന്‍ രൂപമാണ് ക്ലോക്ക് ടവറിന്റേത്. അതുകൊണ്ടുതന്നെ അതിന്റെ മോശം ഫിനിഷിങ്ങിനു കാരണം അധികാരികളാണ് എന്നാണ് ഒരുവിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
‘സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മ്മിച്ച ഈ കോണ്‍ക്രീറ്റ് ക്ലോക്ക് ടവര്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുളളില്‍ തന്നെ പ്രവര്‍ത്തനരഹിതമായി. ഇത് നിര്‍മ്മിക്കാന്‍ എത്ര രൂപ ചെലവായിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ? വെറും നാല്‍പ്പത് ലക്ഷം. ഈ വാസ്തുവിദ്യാ അത്ഭുതത്തിന് വെറും 40 ലക്ഷം മാത്രമാണ് ചെലവ്. അഭിനന്ദനങ്ങള്‍’ -എന്നാണ് സംഭവത്തെ പരിഹസിച്ച് ഒരു ഉപയോക്താവ് എക്‌സില്‍ കുറിച്ചത്.
STORY HIGHLIGHTS : Bihar clock tower cost 40 lakhs stopped working next day after inauguration