പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കയറംകോടം കണ്ണാടൻചോല കുളത്തിങ്കൽ അലന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് മൈലംപുള്ളിയിലെ സെമിത്തേരിയിൽ വെച്ചായിരിക്കും സംസ്കാരം നടക്കുക. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അലന്റെ മരണകാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ അമ്മ വിജി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ആനയുടെ ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ടത്. പുതുപ്പരിയാരത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വീടിന് 100 മീറ്റർ അകലെയായിരുന്നു ആനയുടെ ആക്രമണം. അലന്റെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായധനം എ.പ്രഭാകരൻ എംഎൽഎ കൈമാറി. ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് ആരോപണമുണ്ട്.