Kerala

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന 2 പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.

തൊടുപുഴ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇവർ ഇന്റീരിയർ‌ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അപകടത്തിനു പിന്നാലെ എംസി റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. പൊലീസും ഫയർ‌ഫോഴ്സും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി നീക്കി.