മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്.
വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു വ്യക്തമായത്. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ ദുരൂഹസാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരികയായിരുന്നു.