Kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിനായി അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഒളിവിലുള്ള പ്രതി സുകാന്തിനെതിരെ കേരളത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം ഇറക്കിയെങ്കിലും സുകാന്തും കുടുംബവും എവിടെയെന്നതില്‍ പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല.

കഴിഞ്ഞ മാസം 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തുമായി സംസാരിച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. സുകാന്തിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്തായിരുന്നു സംസാരിച്ചതെന്ന് അറിയാന്‍ ഇയാളെ കണ്ടെത്തിയാലേ സാധിക്കൂ. സുകാന്തിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടും സുകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. പൊലീസ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയപ്പോഴേക്കും ഒളിവില്‍ പോയി.

യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ആരോപണത്തിലും ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക സംഘമായി തിരിഞ്ഞാണ് സുകാന്തിനായുള്ള അന്വേഷണം നടത്തുന്നത്.