കൊച്ചി: വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഗോകുലം ഗോപാലനെതിരായ ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്.
സംശയം തോന്നിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൃത്യമായി നൽകിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കൊച്ചിയിൽ സോണൽ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുൻപ് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.