സാംസങ് ഗാലക്‌സി ടാബ് എസ്10 എഫ്ഇ, ഗാലക്‌സി ടാബ് എ10 എഫ്ഇ+ എന്നിവ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. വലിയ ഡിസ്‌പ്ലേയും ആകർഷകമായ രൂപകൽപ്പനയും മെച്ചപ്പെട്ട സവിശേഷതകളുമാണ് ഈ ടാബ്‌ലെറ്റുകളുടെ പ്രത്യേകത. അതേസമയം സാംസങ്ങിന്റെ ഹൈ-എൻഡ് ടാബ്‌ലെറ്റുകളെ അപേക്ഷിച്ച് വില കുറവാണ്.സാംസങ് ഗാലക്‌സി ടാബ് എസ്10 എഫ്ഇയുടെ വില 42,999 രൂപയിൽ ആരംഭിക്കുന്നു, ഗാലക്‌സി ടാബ് എസ്10 എഫ്ഇ+ന്‍റെ വില 53,999 രൂപയിൽ ആരംഭിക്കുന്നു. ഗ്രേ, സിൽവർ, നീല എന്നീ മൂന്ന് നിറങ്ങളിളാണ് ലഭ്യമാകുക.
ഇക്സിനോസ് 1580 പ്രോസസർ നൽകുന്ന ഈ 2025 മോഡലുകൾ, ജോലി എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി എഐ പവർ സവിശേഷതകളോടെയാണ് ഈ സീരീസ് പുറത്തിറങ്ങുന്നത്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, സോൾവ് മാത്ത്സ് ഇൻ ദി നോട്ട്സ് ആപ്പ് തുടങ്ങി നിരവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
പുതിയ ഗാലക്‌സി ടാബ് എസ് 10 എഫ്ഇ, ഗാലക്‌സി ടാബ് എസ് 10 എഫ്ഇ പ്ലസ് മോഡലുകൾക്ക് ടാബ് എസ് സീരീസിന്റെ “ഹെറിറ്റേജ് ഡിസൈൻ” ഉണ്ടെന്ന് സാംസങ് അറിയിച്ചു. ഈ ടാബ്‌ലെറ്റുകളിലെ ഡിസ്‌പ്ലേ 90Hz റിഫ്രഷ് റേറ്റും ഹൈ ബ്രൈറ്റ്‌നസ് മോഡിൽ 800 nits വരെ തെളിച്ചവും നൽകും. പ്ലസ് മോഡലിലെ 13.1 ഇഞ്ച് ഡിസ്‌പ്ലേ ഇതുവരെയുള്ള എഫ്ഇ സീരീസ് ടാബ്‌ലെറ്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയാണിത്.അതായത് മുൻ
തലമുറയേക്കാൾ 12 ശതമാനം വലുത്. അതേസമയം സ്റ്റാൻഡേർഡ് മോഡലിന് അതിന്റെ മുൻഗാമിയേക്കാൾ നാല് ശതമാനം ഭാരം കുറവാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
ഈ ടാബ്‌ലെറ്റുകളിലെ ക്യാമറ സജ്ജീകരണം സാംസങ് അപ്‌ഗ്രേഡ് ചെയ്‌തു. രണ്ട് മോഡലുകളിലും 13 മെഗാപിക്‌സൽ പിൻ ക്യാമറയും 12 മെഗാപിക്‌സൽ മുൻ ക്യാമറയും ഉണ്ട്. ഗാലക്‌സി ടാബ് എസ്10 എഫഇ+ ന് 10,090mAh ബാറ്ററിയുണ്ട്. അതേസമയം ടാബ് എസ്10 എഫ്ഇക്ക് 8,000mAh ബാറ്ററിയുമുണ്ട്. രണ്ടും 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എങ്കിലും ചാർജർ വെവ്വേറെ വിൽക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി രണ്ട് ടാബ്‌ലെറ്റുകളിലും IP68 റേറ്റിംഗ് ഉണ്ട് എന്നതാണ് മറ്റ് പ്രധാന ആകർഷണം. ഉപയോക്തൃ ഡാറ്റ സംരക്ഷിക്കുന്നതിന് സാംസങ് നോക്‌സ് സുരക്ഷയുണ്ട്. പവർ ബട്ടണിലെ ഫിംഗർപ്രിന്റ് സെൻസറും ഈ ടാബ്‌ലെറ്റുകളുടെ സവിശേഷതയാണ്.
പുതിയ ടാബ്‌ലെറ്റുകൾ ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗാലക്‌സി എസ് 10 എഫ്ഇ, ഗാലക്‌സി എസ് 10 എഫ്ഇ പ്ലസ് ടാബ്‌ലെറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
HIGHLIGHT: SAMSUNG S10 FE LAUNCHED IN INDIA