ഇന്ത്യിയിൽ കൂടുതലായി കണ്ട് വരുന്ന നേത്രരോഗമാണ് ഗ്ലൂക്കോമ. പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഏകദേശം 90% കേസുകളിലും കൃത്യമായ സമയത്ത് രോഗനിർണ്ണയം നടത്താൻ സാധിക്കാറില്ല. മാത്രമല്ല ഗ്ലോക്കോമയെ പറ്റിയുള്ള പ്രാഥമിക അവബോധം ഇല്ലാത്തതും ഈ രോഗം വർധിക്കാൻ കാരണമാകുന്നുണ്ട്.2040 ആകുമ്പോൾ ഏഷ്യയിൽ ഏകദേശം 27.8 ദശലക്ഷം ആളുകൾക്ക് ഗ്ലോക്കോമ ബാധിക്കുമെന്നും, ഇതിൽ തന്നെ ഇന്ത്യ ,ചൈന എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപെടുന്നതെന്നും പഠനങ്ങൾ പറയുന്നു.
ഈ രോഗം ക്രമേണ ഒപ്റ്റിക് നാഡിയെ നശിപ്പിക്കുകയും,പതിയെ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും.നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.ഇന്ത്യയിൽ ഗ്ലോക്കോമ പിടിപെട്ട് അന്ധരായവർ 1.2 ദശലക്ഷമാണ്. പ്രായമായവരിൽ ഏകദേശം 2.7% മുതൽ 4.3% വരെയുള്ള നേത്ര സംബന്ധ രോഗങ്ങളുടെയും കാരണം ഗ്ലോക്കോമയാണ്.
രോഗത്തിന്റെ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ ഒന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്നം. പതിയെ കാഴ്ച നഷ്ടപെട്ടു തുടങ്ങി എന്ന് തിരിച്ചറിയുമ്പോഴേക്കും ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയേക്കാം.
കണ്ണിനെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്ന നാടിയെ തകർക്കുന്ന ഈ രോഗം ഉയർന്ന നേത്ര സമ്മർദ്ദത്താലാണ് ഉണ്ടാകുന്നത്. കണ്ണിലെ സ്വാഭാവിക മർദ്ദം 11 മുതൽ 21 mm Hg വരെയാണ്. അക്വസ് ഹ്യൂമർ എന്ന ദ്രാവകത്തിൽ നിന്നാണ് ഈ പ്രഷർ ഉണ്ടാകുന്നത്. ഇതിന്റെ പ്രവർത്തനം തകരാറിലാവുമ്പോൾ കണ്ണിന്റെ കാഴ്ച്ച പോലും നഷ്ടപ്പെടാം.
കാഴ്ച്ചയ്ക്ക് എന്തെങ്കിലും തകരാറുണ്ടാകുമ്പോൾ നമ്മൾ പ്രാഥമിക ചികിത്സ തേടുകയും കാഴ്ച്ച ശരിയാവുകയും ചെയ്യും എന്നാൽ പിന്നീട് ഇത് ഗ്ലോക്കോമ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരും തിരിച്ചറിയില്ല.പതിവ് നേത്ര പരിശോധനകൾക്കിടയിലാണ് മിക്കപ്പോഴും രോഗികൾ അസുഖം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ മാസത്തിൽ ഒരുവട്ടമെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്.
ഗ്ലോക്കോമയുടെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും ഇവയും രോഗം വരാനുള്ള കാരണങ്ങളാണ് ;
പ്രമേഹം
മയോപിയ/ഹൈപ്പർമെട്രോപിയ
സ്റ്റിറോയിഡുകൾ കഴിക്കുന്നത്
കുടുംബത്തിലുള്ള മറ്റാർക്കെങ്കിലും മുന്നേ ഗ്ലോക്കോമ വന്നിട്ടുണ്ടെങ്കിൽ അത് വരും തലമുറയിലേക്കും പകരാം
കണ്ണിന് പരിക്കേൽക്കുന്നത്
തൈറോയ്ഡ്
ഈ രോഗത്ത തടയാൻ കൃത്യമായ ബോധവൽക്കരണവും നേത്ര പരിശോധനയും ആവശ്യമാണ്.
HIGHLIGHTS: GLAUCOMA