ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ. ഈ മാസം അഞ്ചു മുതൽ 23 വരെ രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയെന്നാണ് ജയിൽ വകുപ്പ് അധികൃതരുടെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തേ വിവാദമായിരുന്നു. ഇതിനിടെ സഹതടവുകാരിയെ മർദിച്ചതിന് മാർച്ചിൽ ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ ഇപ്പോഴുള്ളത്.
ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയതിനു പിന്നാലെ ശിക്ഷാ ഇളവ് നല്‍കി ഷെറിനെ സ്വതന്ത്രയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി തടവില്‍ കിടക്കുന്ന പലരുടെയും അപേക്ഷ ചവറ്റുകുട്ടയില്‍ കിടക്കുമ്പോള്‍ ഷെറിന് കിട്ടിയ പരിഗണനയ്ക്ക് പിന്നില്‍ ഒരു മന്ത്രിയുടെ കരുതല്‍ എന്ന ആക്ഷേപം പോലും ഉയര്‍ന്നിരുന്നു. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇതുവരെ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്.