ഉണ്ണിയപ്പം ഇഷ്ടമാണോ? വലിയ മെനക്കെടില്ലാതെ വളരെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഉണ്ണിയപ്പത്തിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ദോശമാവ് – 1 1/2 കപ്പ്
- ഗോതമ്പ് പൊടി – 1/2 കപ്പ്
- തേങ്ങ – 1 കപ്പ് (ചിരകിയത്)
- തേങ്ങ കൊത്ത് – ആവശ്യത്തിന്
- ശർക്കരപാനി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ശർക്കര പാനി തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അടുപ്പത്ത് വയ്ക്കുക. അതിലേക്ക് ശർക്കരയിട്ട് അലിയിച്ച് കുറുക്കിയെടുക്കാം. ശേഷം തണുക്കാനായി മാറ്റി വയ്ക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി നെയ്യ് ഒഴിക്കുക. ഇതിലേക്ക് തേങ്ങ കൊത്ത് ചേർത്ത് വറുത്തെടുക്കാം.
നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ദോശമാവിലേക്ക് ഗോതമ്പുപൊടിയും ചിരകിയ തേങ്ങയും നെയിൽ വറുത്ത തേങ്ങ കൊത്തും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശർക്കര പാനികൂടി ചേർത്ത് വീണ്ടും മിക്‌സ് ചെയ്യുക. ഒരു 10 മിനിറ്റ് ഇത് മാറ്റി വയ്ക്കാം. ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് നെയ്യോ വെളിച്ചെണ്ണയോ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ മാവ് ഒഴിക്കുക. 5 മിനിറ്റിന് ശേഷം അപ്പം മറിച്ചിട്ട് കൊടുക്കാം. പാകമാകുമ്പോൾ ഓരോന്നായി പാത്രത്തിലേക്ക് മാറ്റം. സ്വാദിഷ്‌ടമായ ഉണ്ണിയപ്പം തയ്യാർ.