Automobile

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ ഡിസൈൻ സ്റ്റുഡിയോ മുംബൈയിൽ- mahindra suv

2015 ൽ സ്ഥാപിതമായ നിലവിലെ സൗകര്യത്തിന്റെ ഒരു പ്രധാന നവീകരണമാണ് ഇപ്പോൾ നടന്നത്

എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഡിസൈൻ സ്റ്റുഡിയോ മുംബൈയിൽ ആരംഭിച്ചു. എംഐഡിഎസ് (മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ) എന്നാണ് പുതിയ സ്റ്റുഡിയോയുടെ പേര്. കമ്പനിയുടെ കാണ്ടിവാലി പ്ലാന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2015 ൽ സ്ഥാപിതമായ നിലവിലെ സൗകര്യത്തിന്റെ ഒരു പ്രധാന നവീകരണമാണ് ഇപ്പോൾ നടന്നത്. പുതിയ സ്റ്റുഡിയോയുടെ വലിപ്പം ഇരട്ടിയായതായും നൂറിലധികം ഡിസൈൻ ജീവനക്കാർക്ക് ജോലി നൽകുന്നതായും കമ്പനി പറയുന്നു.

കമ്പനിയുടെ വാഹനങ്ങളുടെ രൂപകൽപ്പന മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലായിരിക്കും ഇനി നടക്കുക. വാണിജ്യ, വ്യക്തിഗത ഓട്ടോ ഡിവിഷനുകൾക്കായി ഇത് പ്രവർത്തിക്കും. മഹീന്ദ്രയുടെ വളർന്നുവരുന്ന ഓട്ടോ ബിസിനസുകളുടെയും ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽഎംഇ) ഡിവിഷൻ പോലുള്ള പുതിയ ബിസിനസുകളുടെയും വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് ഈ അപ്‌ഗ്രേഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചെറിയ വാണിജ്യ വാഹനങ്ങളും ചെറിയ ട്രാക്ടറുകളും ബ്രാൻഡഡ് ട്രക്കുകളും ബസുകളും രൂപകൽപ്പന ചെയ്യാനുള്ള ഈ സ്റ്റുഡിയോയ്ക്ക് കഴിയും. മൂന്ന് മോഡലിംഗ് പ്ലേറ്റുകളും പുതിയ സ്റ്റുഡിയോവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിലൊന്ന് ഒരു ട്രക്ക് ക്യാബിൻ കൈകാര്യം ചെയ്യാൻ പര്യാപ്‍തമാണ്. ഒരു 5-ആക്സിസ് മോഡലിംഗ് റോബോട്ടും ഒരു വൈദഗ്ധ്യമുള്ള മോഡലറും ചേർന്ന് 1:1 സ്കെയിൽ കളിമൺ മോഡൽ സൃഷ്ടിക്കാൻ കഴിയുന്ന ഒരു വർക്ക് ഏരിയയാണ് മോഡലിംഗ് പ്ലേറ്റ്.

ഇന്നത്തെ കാലത്തിന് ആവശ്യമായ എല്ലാ ഡിസൈൻ സവിശേഷതകളും ഈ പുതിയ സ്റ്റുഡിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതുപയോഗിച്ച് വാഹനത്തിന്റെ പുറംഭാഗവും അകവും രൂപകൽപ്പന ചെയ്യാൻ കഴിയും. കളിമൺ മോഡലുകൾക്കും ബോഡി പാനലുകൾക്കുമായി സ്വന്തമായി പെയിന്‍റ് ഷോപ്പും ഉണ്ട്. മഹീന്ദ്രയുടെ ആഗോള ഡിസൈൻ കേന്ദ്രമായ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പുമായി (മെയ്ഡ്) മിഡ്‍സ് ചേർന്നുപ്രവർത്തിക്കുമെന്ന് മഹീന്ദ്ര പറയുന്നു. ഇത് യുകെയിലാണ് പ്രവർത്തിക്കുന്നത്.