ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കർ പവനോവിച്ചിന് സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റു. മാർക്ക് ശങ്കർ ചെറുപ്പം മുതൽ സിംഗപ്പൂരിൽ പഠിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം. നിലവിൽ ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂർക്ക് തിരിക്കും.
വലിയ ദുരന്തത്തിൽ നിന്നാണ് പവൻ കല്യാണിൻ്റെ മകൻ രക്ഷപ്പെട്ടത്. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സിൻ്റെ വാർത്താക്കുറിപ്പ് പ്രകാരം 19 പേർ തീപിടിത്തത്തിൽ മരിച്ചു. ഇതിൽ 15 പേർ കുട്ടികളാണ്. നാല് മുതിർന്നവരും അപകടത്തിൽ മരിച്ചു. രാവിലെ സിംഗപ്പൂർ സമയം ഒൻപതേ മുക്കാലോടെ ആണ് ദുരന്തം ഉണ്ടായത്. 80 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു.