സാധാരണയായി ക്ഷീണമോ അലസതയോ ഉള്ളപ്പോഴാണ് നമ്മൾ കോട്ടുവായ ഇടുന്നത്. എന്നാൽ അമിതമായി കോട്ടുവായ ഇടുന്നുണ്ടെങ്കിൽ അതിനെ നിസാരമായി കാണരുത്. ചിലപ്പോൾ അത് നിങ്ങളുടെ ആരോഗ്യ സ്ഥിതിയെയാകും സൂചിപ്പിക്കുന്നത്. ശാരീരിക ആരോഗ്യത്തെ മാത്രമല്ല കോട്ടുവായ പലപ്പോഴും നിങ്ങളുടെ മാനസീകാരോഗ്യത്തേയും സൂചിപ്പിക്കുന്നു.
താൽക്കാലികമായി ഹൃദയമിടിപ്പും ജാഗ്രതയും വർദ്ധിപ്പിക്കുന്ന ചില ഹോർമോണുകളാണ് കോട്ടുവായ ഇടാൻ കാരണമെന്നാണ് സൗത്ത് കരോലിനയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. അതുകൊണ്ടാണ് നിങ്ങൾ ക്ഷീണിതനാകുമ്പോൾ നിങ്ങൾ പോലും അറിയാതെ കോട്ടുവായ ഇടാൻ തോന്നുന്നത്.
എന്നാൽ ഒരാൾ 15 മിനിറ്റിനുള്ളിൽ 3 തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നുണ്ടെങ്കിൽ അത് സാധാരണമായി സംഭവിക്കുന്ന കാര്യമല്ല. വളരെയധികം കോട്ടുവായ ഇടുന്നത് ഒരു രോഗത്തിന്റെയോ ആരോഗ്യസ്ഥിതിയുടെയോ സൂചനയായിരിക്കാം. ആരെങ്കിലും വീണ്ടും വീണ്ടും കോട്ടുവായ ഇടുന്നുണ്ടെങ്കിൽ അയാൾക്ക് താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
സ്ലീപ്പ് അപ്നിയ അല്ലെങ്കിൽ ഉറക്കമില്ലായ്മ
ആരെങ്കിലും അമിതമായി കോട്ടുവാ ഇടുന്നുണ്ടെങ്കിൽ ഉറക്കമില്ലായ്മയാണ് ഇതിന് പിന്നിലെ ഏറ്റവും സാധാരണമായ കാരണം എന്ന് വിദഗ്ധർ പറയുന്നു. ശ്വാസോച്ഛ്വാസം ആവർത്തിച്ച് നിർത്തുകയും കുറച്ച് സമയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന, ഉറക്കവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമാണ് സ്ലീപ്പ് അപ്നിയ.
നിങ്ങൾ ഉറക്കെ കൂർക്കം വലിച്ചുറങ്ങുകയും രാത്രി മുഴുവനുള്ള ഉറക്കത്തിനു ശേഷം ക്ഷീണം അനുഭവപ്പെടുകയും ചെയ്താൽ നിങ്ങൾക്ക് സ്ലീപ് അപ്നിയ ഉണ്ടാകാം എന്നാണ് മയോ ക്ലിനിക്ക് അഭിപ്രായപ്പെടുന്നത്. ഉറക്കമില്ലായ്മ കൊണ്ട് തുടർന്നും നിങ്ങൾക്ക് ഉറങ്ങാനോ നല്ല നിലവാരമുള്ള ഉറക്കം ലഭിക്കാനോ ബുദ്ധിമുട്ടുണ്ടാകാമെന്ന് യുഎസ് എൻഐഎച്ച് പറയുന്നു. നിങ്ങൾക്ക് ശരിയായ അന്തരീക്ഷവും ഉറങ്ങാൻ അനുയോജ്യമായ സാഹചര്യവും ഉണ്ടെങ്കിൽ പോലും ഇത് സംഭവിക്കാം.
മരുന്ന്
ആരെങ്കിലും കൂടുതലായി മരുന്നുകൾ കഴിക്കുകയാണെങ്കിൽ അയാൾ അമിതമായി കോട്ടുവായ ഇട്ടേക്കാം. ചില ആന്റി സൈക്കോട്ടിക്കുകളുടെയോ ആന്റീഡിപ്രസന്റുകളുടെയോ പാർശ്വഫലങ്ങൾ കോട്ടുവായയുടെ രൂപത്തിലും പ്രകടമാകാം. അതിനാൽ, കുറിപ്പടി ഇല്ലാതെ അത്തരം മരുന്നുകളൊന്നും നിങ്ങൾ കഴിക്കുന്നില്ലെങ്കിൽ എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെ ഉപദേശം മാത്രം സ്വീകരിക്കുക.
ബ്രെയിൻ ഡിസോർഡർ
അമിതമായി കോട്ടുവായ ഇടുന്നത് മസ്തിഷ്ക തകരാറിന്റെ ലക്ഷണമാകാം. പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മൈഗ്രെയ്ൻ തുടങ്ങിയ അവസ്ഥകളും അമിതമായി കോട്ടുവായ ഇടുന്നതിന് കാരണമാകും.
ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം
അമിതമായി കോട്ടുവായ ഇടുന്നത് ഉത്കണ്ഠയോ സമ്മർദ്ദമോ മൂലമാകാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാലക്രമേണ ഉത്കണ്ഠയോ സമ്മർദ്ദമോ ഒരു പ്രശ്നമായി മാറുമെന്നതിനാൽ നിങ്ങൾ ഇക്കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഹൃദയാഘാതം
ഒരാൾക്ക് ചുറ്റും ഓക്സിജന്റെ അഭാവം ഉണ്ടെങ്കിൽ അയാൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അയാൾ കൂടുതലായി കോട്ടുവായ ഇടുകയും ചെയ്തേക്കാം. എന്നാൽ ഒരാൾ കൂടുതൽ കോട്ടുവായ ഇടുന്നുണ്ടെങ്കിൽ അതിന് അയാൾക്ക് ഹൃദയാഘാതം വരുമെന്ന് അർത്ഥമില്ല. ഇതിൽ പരിഭ്രാന്തരാകേണ്ട കാര്യവുമില്ല.