Kerala

കുമ്പള പ്രമോദ് വധം:10 സിപിഐഎം പ്രവർത്തകരുടെ ജീവപര്യന്ത ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുമ്പള പ്രമോദ് വധക്കേസില്‍ 10 സിപിഐഎം പ്രവര്‍ത്തകരുടെ ജീവപര്യന്ത ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ പി വി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ബാലകൃഷ്ണന്‍, കുന്നപ്പാടി മനോഹരന്‍, മാണിയം പറമ്പത്ത് പവിത്രന്‍, അണ്ണേരി പവിത്രന്‍, പട്ടാരി ദിനേശന്‍, കുളത്തുങ്കണ്ടി ദനേശ്, കേളോത്ത് ഷാജി, അണ്ണേരി ബിപിന്‍, ചാമാളയില്‍ പട്ടാരി സുരേഷ് ബാബു, റിജേഷ്, വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികള്‍. ആകെ 11 പേരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ഒരാള്‍ ഇക്കാലയളവില്‍ മരിച്ചു.

പ്രതികള്‍ ഓരോരുത്തരായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 2007 ഓഗസ്റ്റ് 16നായിരുന്നു കൊലപാതകം നടന്നത്. കോണ്‍ഗ്രീറ്റ് ജോലിക്കാരനായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടെയാണ് മാനന്തേരി മൂരിയാട് ചുല്ലിക്കുന്ന് നിലയിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ച് ഇവരെ ആക്രമിക്കുന്നത്. വാള്‍, കത്തിവാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. പ്രമോദ് കൊല്ലപ്പെടുകയും പ്രകാശിനെ ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.