തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.
അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്.
കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതിയുടെ വിധിയുടെ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടു വരുന്നത്.
ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു വിധി.
CONTENT HIGH LIGHTS;Supreme Court verdict: CM hails victory of democracy