Kerala

ഇഷ്ടഭക്ഷണവും ഷോപ്പിംഗും പിന്നെ ആഘോഷവും; സൈബര്‍ കാര്‍ണിവല്‍ 9 മുതല്‍

കോഴിക്കോട്: നഗരത്തിലെ ആഘോഷരാവുകള്‍ക്ക് പുതിയ മാനം നല്‍കാന്‍ സൈബര്‍ കാര്‍ണിവല്‍ ഇന്നും നാളെയും (ഏപ്രില്‍ 9, 10 തിയതികളില്‍) ഗവ. സൈബര്‍പാര്‍ക്കില്‍ നടക്കും. സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും.

ഫുഡ് ഫെസ്റ്റിവല്‍, ഫ്ളീ മാര്‍ക്കറ്റ്, ഡി ജെ പാര്‍ട്ടി, മ്യൂസിക്കല്‍ നൈറ്റ്സ് തുടങ്ങി വിവിധ പരിപാടികളാണ് സൈബര്‍പാര്‍ക്ക് ജീവനക്കാര്‍ തന്നെ സംഘടിപ്പിക്കുന്ന സൈബര്‍ കാര്‍ണിവലില്‍ ഒരുക്കിയിട്ടുള്ളത്.

സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിപാടിയിലെ പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസവും വൈകീട്ട് ആറ് മുതല്‍ 10 മണിവരെയാണ് കാര്‍ണിവല്‍. നഗരത്തിലെ ഭക്ഷണവൈവിദ്ധ്യത്തിന്‍റെ നേര്‍ക്കാഴ്ച സൈബര്‍പാര്‍ക്കിലൊരുങ്ങും. കോഴിക്കോടിന്‍റെ തനത് വിഭവങ്ങള്‍ ഒറ്റ വേദിയിലൂടെ ഭക്ഷണപ്രിയര്‍ക്ക് ലഭിക്കും.

നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരികള്‍ ഒരുക്കുന്ന ഫ്ളീ മാര്‍ക്കറ്റാണ് മറ്റൊരാകര്‍ഷണം. ഇതിനു പുറമെ ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കിലെയും യുഎല്‍ സൈബര്‍പാര്‍ക്കിലെയും ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും രണ്ട് ദിവസമുണ്ടാകും. പ്രശസ്തര്‍ അണിനിരക്കുന്ന ഗാനമേള, ഡിജെ രാവ് എന്നിവയും കാര്‍ണിവലിന്‍റെ മാറ്റു കൂട്ടും.

പരിപാടിയുടെ നടത്തിപ്പില്‍ നിന്ന് ചെലവ് കഴിച്ച് ലഭിക്കുന്ന തുക മുന്‍വര്‍ഷത്തേതിനു സമാനമായി നഗരത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സൈബര്‍പാര്‍ക്ക് ജന. മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും പരസ്പര ആശയവിനിമയത്തിനും ഇത്തരം കൂട്ടായ്മകള്‍ ഐടി ജീവനക്കാരെ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News