എംജി മോട്ടോറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പോർട്‍സ് കാറാണ് സൈബർസ്റ്റർ. എന്നാൽ കാത്തിരിപ്പ് അവസാനിപ്പിച്ച് സൈബർസ്റ്റർ ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. കമ്പനിയുടെ പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും സൈബർസ്റ്റർ വിൽക്കുന്നത്. വേഗത്തിലുള്ള ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ 2 സീറ്റർ സ്പോർട്സ് കാർ നിർമ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. എംജി സൈബർസ്റ്റർ ആഗോളതലത്തിൽ മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. എങ്കിലും, ഇന്ത്യയിൽ ഇത് റേഞ്ച്-ടോപ്പിംഗ് കോൺഫിഗറേഷനിൽ മാത്രമാണ് വിൽക്കുന്നത്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എംജി സൈബർസ്റ്ററിന് വെറും 3.2 സെക്കൻഡുകൾ മതി. ഈ എംജി കാറിൽ 74.4 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു, ഇത് എസി ചാർജർ വഴി 12.5 മണിക്കൂറിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിയും. അതേസമയം, 150 kW ഡിസി ചാർജർ ഉപയോഗിച്ച് കാർ 10-80 ശതമാനം ചാർജ് ചെയ്യാൻ 38 മിനിറ്റിൽ താഴെ സമയമെടുക്കും. ഒറ്റ ചാർജിൽ 443 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്‌പോർട്‌സ് കാറിന് സാധിക്കും എന്ന് കമ്പനി വാഗ്‍ദാനം ചെയ്യുന്നു.