Automobile

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് എംജി സൈബർസ്റ്റർ MG Cyberster

കമ്പനിയുടെ പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും സൈബർസ്റ്റർ വിൽക്കുന്നത്

എംജി മോട്ടോറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പോർട്‍സ് കാറാണ് സൈബർസ്റ്റർ. എന്നാൽ കാത്തിരിപ്പ് അവസാനിപ്പിച്ച് സൈബർസ്റ്റർ ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. കമ്പനിയുടെ പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും സൈബർസ്റ്റർ വിൽക്കുന്നത്. വേഗത്തിലുള്ള ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ 2 സീറ്റർ സ്പോർട്സ് കാർ നിർമ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. എം‌ജി സൈബർ‌സ്റ്റർ ആഗോളതലത്തിൽ മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. എങ്കിലും, ഇന്ത്യയിൽ ഇത് റേഞ്ച്-ടോപ്പിംഗ് കോൺഫിഗറേഷനിൽ മാത്രമാണ് വിൽക്കുന്നത്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എംജി സൈബർസ്റ്ററിന് വെറും 3.2 സെക്കൻഡുകൾ മതി. ഈ എംജി കാറിൽ 74.4 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു, ഇത് എസി ചാർജർ വഴി 12.5 മണിക്കൂറിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിയും. അതേസമയം, 150 kW ഡിസി ചാർജർ ഉപയോഗിച്ച് കാർ 10-80 ശതമാനം ചാർജ് ചെയ്യാൻ 38 മിനിറ്റിൽ താഴെ സമയമെടുക്കും. ഒറ്റ ചാർജിൽ 443 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്‌പോർട്‌സ് കാറിന് സാധിക്കും എന്ന് കമ്പനി വാഗ്‍ദാനം ചെയ്യുന്നു.