കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കാല്‍പൈന്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ടെക്കീസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ് ടൂര്‍ണമെന്‍റില്‍ യുഎസ്ടി ഗ്ലോബലിലെ ആശിഷ് മധുസൂദനന്‍ വിജയിയായി. ഫിഡെ റേറ്റിംഗുള്ള എട്ടു പേരുള്‍പ്പെടെ 100 പേരാണ് ചെസ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്.
സ്വിസ് റൗണ്ട് റോബിന്‍ എന്നറിയപ്പെടുന്ന റാപിഡ് ചെസ് രീതിയിലായിരുന്നു മത്സരങ്ങള്‍. മെറ്റഡാറ്റ ടെക്നോളജീസിലെ സഞ്ജീവ് എസ് നായര്‍ രണ്ടാം സ്ഥാനവും ഇഗ്നിറ്റേറിയം ടെക്നോളജീസിലെ സൗരവ് രാജ് കെ കെ, തോട്ട്മൈന്‍ഡ്സിലെ വൈഷ്ണവ് എസ് മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മൊത്തം അമ്പതിനായിരം രൂപയുടെ സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കി. ഇന്‍ഫോപാര്‍ക്കിന്‍റെ കൊച്ചി, തൃശൂര്‍, ചേര്‍ത്തല കാമ്പസുകളില്‍ ഉള്ള ഐടി ജീവനക്കാരായിരുന്നു മത്സരങ്ങളില്‍ പങ്കെടുത്തത്.