വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സജി ചെറിയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തെ മറ്റൊരു രീതിയിൽ കാണേണ്ടെന്നും വെള്ളിയാഴ്ച നടക്കുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴക്കാരനായ വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആലപ്പുഴക്കാരൻ കൂടിയായ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന്, അതിനൊക്കെ പാർട്ടി സെക്രട്ടറി മറുപടി പറയും എന്നായിരുന്നു സജി ചെറിയാന്റെ മറുപടി. താൻ ഇനി സൂക്ഷിച്ചേ സംസാരിക്കൂ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനും അദ്ദേഹം ശ്രമിച്ചു.
വെള്ളാപ്പള്ളി ആരാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് പോവുന്നതുകൊണ്ട് എന്തെങ്കിലും രാഷ്ട്രവിരുദ്ധത ഉണ്ടെന്ന ധാരണയും തനിക്കില്ല. ഈ പരിപാടി മാറ്റേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്കുവഴിയേ പോകട്ടെ. പരാമർശത്തിൽ പാർട്ടിയുടെ അഭിപ്രായം സെക്രട്ടറി പറയും. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കും – സജി ചെറിയാൻ വിശദമാക്കി.
അതേസമയം, സിനിമ സെറ്റുകളില്‍ ലഹരി പരോശോധന നടത്തുന്നതിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമ കോണ്‍ക്ലേവിനുശേഷം അതിന് പരിഹാരം ഉണ്ടാകും. പരിശോധനകള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണമാകും നടക്കുകയെന്നും സജി ചെറിയാന്‍ പറഞ്ഞു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രാദേശിക എസ്എന്‍ഡിപി യോഗം നടത്തുന്ന സ്വീകരണ പരിപാടിയിലാണ് മന്ത്രിയും പങ്കെടുക്കുന്നത്. ഇതിനെതിരെ വ്യപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ അപഗ്രഥിച്ച് ഒരു നിയമ നിര്‍മാണത്തിലേക്ക് പോവുകയാണ്. സിനിമ നയം രൂപീകരിക്കും. കോണ്‍ക്ലേവ് പോലൊരു യോഗം ജൂണ്‍ മാസത്തില്‍ നടത്തും. നിലവില്‍ ഷൂട്ടിംഗ് സൈറ്റല്‍ പോയി പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇന്ന് സിനിമാ രംഗത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദേശങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെ പരിഹരിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഒരു നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.