സഞ്ചാരികളെ ആകർഷിക്കുന്ന സൗന്ദര്യമാണ് ലഡാക്കിനുള്ളത്. ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്. ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. ആസ്ഥാന നഗരമായ ലേ കൂടാതെ ആല്‍കി നുബ്റാ താഴ്വര ഹേമിസ്, ലമയുരു, സാന്‍സ്കര്‍ താഴ്വര, കാര്‍ഗില്‍ പാങ്കോങ് സോ, സോ കാര്‍, സോ മൊരിരി എന്നിവയാണ് അടുത്തുള്ള പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. ലഡാകി, പൂരിഗ്,തിബത്തന്‍, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ്പ്രദേശത്ത് കൂടുതലായും സംസാരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഘ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് പത്താം നൂറ്റാണ്ടില്‍ തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. ഹിമാലയന്‍ രാജധാനി അതിന്‍റെ പ്രതാപകാലത്തിലേക്ക് കടന്നത് പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജെ നംഗ്യാലിന്‍റെ കാലഘട്ടത്തിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കും പോയി.
ബുദ്ധമതമാണ് ഇവിടത്തെ പ്രധാനമതം.ലഡാക്കിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ അതുകൊണ്ട് തന്നെ ആശ്രമം അഥവാ ഗോമ്പാസും ഉള്‍പ്പെടും. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, സ്പിടുക് ആശ്രമം, സ്ടങ്ക ആശ്രമം എന്നിവയാണ് പ്രദ്ശത്തെ ശ്രദ്ധേയമായ ആശ്രമങ്ങള്‍. കൂടാതെ തിക്സേയ് ആശ്രമം സെമോ ആശ്രമം എന്നിവയും കാഴ്ചക്കുതകുന്നതാണ്. ഗാല്‍ഡന്‍ നാംചോട്ട്, ബുദ്ധപൂര്‍ണിമ, ഡോസ്മോചെ, ലോസാര്‍ എന്നീ ആഘോഷവേളകളില്‍ ഇവിടേക്ക് വന്‍തോതില്‍ സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.
ഡോസ്മാച്ചേ ആഘോഷവേളയില്‍ ബുദ്ധമത സന്യാസിമാര്‍ നൃത്തം ചെയ്യുകയും പ്രാര്‍ഥിക്കുകയും മറ്റു ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. പ്രദേശത്ത് നിന്ന് രോഗങ്ങളെ അകറ്റാനും ദുഷ്ടാത്മാക്കളെ ആട്ടിയോടിക്കാനുമാണ് ഈ ആഘോഷം. രണ്ട് ദിവസത്തോളം നീളുന്നതാണ് ആചാരങ്ങള്‍. തിബത്തന്‍ ബുദ്ധരുടെയിടയിലെ മറ്റൊരു പ്രധാന ആഘോഷമാണ് സക ദവാ. ഗൗതമ ബുദ്ധന്‍റെ ജനനം, ജ്ഞാനോദയം, മരണം എന്നിവ ആഘോഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്. തിബത്തന്‍ കലണ്ടറിലെ നാലാം മാസമായി വരുന്ന മെയ് ജൂണ്‍ മാസങ്ങളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്.
STORY HIGHLIGHTS : Ladakh has a beauty that attracts tourists