Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 17.5 ലക്ഷം തട്ടിയെടുത്തു; പത്തൊൻപതുകാരൻ പിടിയിൽ – online job scam

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയിൽ നിന്ന് 17.5 ലക്ഷം തട്ടിയെടുത്ത പത്തൊൻപതുകാരൻ പിടിയിൽ. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടിൽ മിദ്‌ലാജിനെയാണ് നല്ലളം പോലീസ് പിടികൂടിയത്. മിദ്‍ലാജ് യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. വിവിധ ബാങ്ക് അക്കൗണ്ടിലൂടെ 17,56,828 രൂപയാണ് യുവതിയിൽനിന്നു മിദ്‍ലാജ് തട്ടിയെടുത്തത്.

യുവതിയെ പരിചയപ്പെട്ടതിന് ശേഷം പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും വ്യാജ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിപ്പിക്കുകയും ടെലിഗ്രാം ലിങ്ക് വഴി ബിറ്റ്കോയിൻ ട്രേഡിങ് ടാസ്ക് നടത്തിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു.

ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വയ്ക്കുകയും നല്ലളം പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

STORY HIGHLIGHT: online job scam