Kerala

മതപരിവര്‍ത്തനത്തിന് ശ്രമം: ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

റായ്‌പുർ: ഛത്തീസ്ഗഡിൽ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാൻ ശ്രമിച്ചെന്നാരോപിച്ചു മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജശ്പുര്‍ ജില്ലയിലെ കുങ്കരിയിലെ ഹോളി ക്രോസ് നഴ്സിങ് കോളേജിൽ പ്രിന്‍സിപ്പലായ കോട്ടയം സ്വദേശി സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഞായറാഴ്ച കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിനാൽ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ക്യാമ്പസിൽ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും കാട്ടി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പരാതി നൽകിയത്.

ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സിസ്റ്റർ ബിൻസി ജോസഫ് പറഞ്ഞു. അവസാനവർഷ വിദ്യാർഥിയായ പരാതിക്കാരി ജനുവരി മുതൽ പഠനത്തിൽനിന്നും ഹോസ്പിറ്റൽ ജോലികളിൽനിന്നും വിട്ടുനിൽക്കുകയാണ്. ആവശ്യമായ ഹാജർ ഇല്ലാത്തതിനാൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് കോളജിൽനിന്നു നോട്ടിസ് നൽകിയിരുന്നു. ഈ ഘട്ടത്തിലാണു പെൺകുട്ടി ജില്ലാ കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും, തന്നെ ക്രിസ്തുമതത്തിലേക്കു മാറ്റാൻ പ്രിൻസിപ്പൽ ബിൻസി സമ്മർദം ചെലുത്തുന്നുവെന്നാരോപിച്ച് ഈ മാസം 2നു പരാതി നൽകിയതെന്നു കോളജ് അധികൃതർ അറിയിച്ചു.