World

പകരംതീരുവ ഇന്നു മുതൽ പ്രാബല്യത്തില്‍; അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ്

വാഷിങ്ടൻ: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. ചൈനയ്ക്ക് മേല്‍ 104 ശതമാനം തീരുവ ചുമത്തി കടുത്ത നടപടിയുമായി ട്രംപ്. വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുറന്നടിച്ചു. അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി.

അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതല്‍ക്കൂട്ടെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചതായും ട്രംപ് വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കണമെന്ന് ട്രംപിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഇന്നലെയാണ് ചൈനയ്ക്ക് മേല്‍ ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയത്. താനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം ലെവി ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായി, ”താരിഫ് ബ്ലാക്ക്മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാല്‍ താരിഫ് ചുമത്തിയതാണെന്നും ചൈന പറഞ്ഞു.

യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പരസ്പര താരിഫ് ഏര്‍പ്പെടുത്തിയ പ്രഖ്യാപനം പിന്‍വലിക്കാന്‍ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നല്‍കിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ അധിക 50% താരിഫ് ബാധകമാകുമെന്ന് പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുവ കൂട്ടിയ തീരുമാനം.