അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് എഐസിസി സമ്മേളനം ചേരും. സബർമതി തീരത്ത് നടക്കുന്ന സമ്മേളനത്തിൽ 1700ഓളം നേതാക്കൾ പങ്കെടുക്കും. ഇന്നലെ ചേർന്ന പ്രവർത്തകസമിതി ചർച്ചയിൽ നിന്നും മാറ്റിനിർത്തിയ ഡിസിസി ശാക്തീകരണം സമ്മേളനത്തിൽ പ്രഖ്യാപിക്കുമോ എന്നതാണ് നിർണായകം.
വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം തുടങ്ങിയവയിലും വിദേശനയങ്ങളിലും കേന്ദ്രസർക്കാരിനെ രൂക്ഷമായ വിമർശിക്കുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രമേയങ്ങൾ ഇന്നലെ എഐസിസിയുടെ വിശാല പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. വഖഫ് ഭേദഗതി നിയമത്തെ തുറന്നെതിർക്കാനും നിയമപരമായി ചോദ്യംചെയ്യുന്നവർക്ക് സഹായം നൽകാനും യോഗത്തിൽ തീരുമാനിച്ചു. കേന്ദ്രത്തിന്റെ വിദേശനയങ്ങളെയടക്കം യോഗത്തിൽ നിശിതമായാണ് വിമർശിച്ചത്. മോദി സർക്കാർ തുടർന്നുവരുന്ന നയങ്ങൾ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്ന് വിശാല പ്രവർത്തക സമിതി മുന്നറിയിപ്പ് നൽകി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമം രാജ്യത്തെ സമാധാനത്തിന് തുരങ്കംവയ്ക്കുകയാണ്. കുടിയേറ്റത്തിൻ്റെ പേരിൽ ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് നാട്ടിലെത്തിച്ചിട്ട് പ്രതിഷേധസ്വരം ഉയർത്താൻ പോലും കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ യുഎസിൻ്റെ നികുതി നയത്തിൽ പോലും പ്രതിഷേധമില്ല. അതിർത്തിയിൽ ചൈന നടത്തുന്ന കൈയേറ്റവും കണ്ടില്ലെന്ന് നടിക്കുകയാണ്.
1994 മുതൽ അധികാരത്തിൽനിന്നും പുറത്തുനിൽക്കുന്ന ഗുജറാത്തിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്ന പ്രത്യേക പ്രമേയവും യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ഔന്നത്യം ഉയർത്തികാട്ടുന്ന പ്രത്യേക പ്രമേയത്തിൽ ഗാന്ധി വധത്തെതുടർന്ന് ആർഎസ്എസിനെ അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന പട്ടേൽ നിരോധിച്ചതിനെയും പരാമർശിക്കുന്നുണ്ട്.