Kerala

വിഴിഞ്ഞം വിജിഎഫ് കരാര്‍ ഇന്ന് ഒപ്പിടും; എംഎസ്‍സി തുർക്കി വിഴിഞ്ഞത്തേക്ക്, ഉച്ചയോടെ തീരമണയും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാര്‍ ഇന്ന് ഒപ്പിടുമെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്.

തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.

അതേസമയം, ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്. കപ്പലിന് 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്. 5.25 ലക്ഷം കണ്ടെയ്നർ നീക്കം പൂർത്തിയായി. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ നങ്കൂരമിടുന്നത്. എട്ടുമാസം കൊണ്ട് അഞ്ചേകാൽ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷൻ ചെയ്തേക്കും.

പ്രതിമാസം ഒരു ലക്ഷത്തിലേറെ കണ്ടെയ്നർ നീക്കം. മാർച്ചിൽ ബർത്ത് ചെയ്തത് 53 കപ്പലുകളാണ്. വിഴിഞ്ഞത്ത് ചരക്ക് നീക്കം തുടങ്ങി എട്ട് മാസത്തിനുള്ളിലാണ് നേട്ടം. വൻ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് 20,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണും കോമേഷ്യല്‍ ഓപ്പറേഷന്‍സും ആരംഭിച്ച ശേഷം ഇതുവരെ 246 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്.